ഗ്യാൻവാപിയിലെ ‘ശിവലിംഗം’: ശാസ്ത്രീയ പരിശോധനക്ക് ഹൈകോടതി അനുമതി
text_fieldsഅലഹാബാദ്: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് പരിസരത്തുനിന്ന് കണ്ടെത്തിയ ശിവലിംഗമെന്ന് ആരോപിക്കപ്പെടുന്ന വസ്തു ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാൻ ആർകിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം. ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ട് നേരത്തെ നാല് വനിതകൾ നൽകിയ ഹരജി വാരാണസി കോടതി തള്ളിയതിനെതിരായ അപ്പീൽ പരിഗണിച്ചാണ് അലഹാബാദ് ഹൈകോടതി ഉത്തരവ്.
ശിവലിംഗമാണെന്ന് ആരോപിക്കപ്പെടുന്നത് നമസ്കാരത്തിന് അംഗശുദ്ധി വരുത്തുന്ന വുദുഖാനയിലെ ജലധാരുടെ ഭാഗമാണെന്നാണ് ഗ്യാൻവാപി പള്ളി നടത്തിപ്പുകാരായ അഞ്ജുമൻ മസ്ജിദ് കമ്മിറ്റി പറയുന്നു. എന്നാൽ, ശിവലിംഗമാണെന്നും ഉറപ്പാക്കാൻ കാർബൺ പരിശോധന, ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജി.പി.ആർ), ഖനനം എന്നിവ നടത്തണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. ഇത് അംഗീകരിച്ചാണ് ജസ്റ്റീസ് അരവിന്ദ് കുമാർ മിശ്ര ഉൾപ്പെട്ട ബെഞ്ചിന്റെ നിർദേശം. പരിശോധനക്കിടെ കേടുപാടുകൾ വരുത്തരുതെന്നും ഉത്തരവിലുണ്ട്.
കഴിഞ്ഞ ഒക്ടോബർ 14ന് വാരാണസി ജില്ലാ കോടതി ‘ശിവലിംഗ’ത്തിന്റെ ശാസ്ത്രിയ പരിശോധന ആവശ്യം തള്ളിയിരുന്നു. മേൽകോടതിയെ സമീപിച്ച പരാതിക്കാരുടെ ആവശ്യം പരിഗണിച്ച് കാർബൺ പരിശോധന സംബന്ധിച്ച് ആർകിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നെങ്കിലും സമർപിച്ചിരുന്നില്ല. ഇതിനെതിരെ രൂക്ഷമായി വിമർശിച്ച് കോടതി നേരത്തെ രംഗത്തെത്തിയിരുന്നു. തുടർച്ചയായാണ് പുതിയ നടപടി.
കഴിഞ്ഞ വർഷം മേയ് 16ന് കാശി വിശ്വനാഥ ക്ഷേത്രം- ഗ്യാൻവാപി മസ്ജിദ് എന്നിവയുടെ വിഡിയോ സർവേക്കിടെയാണ് വിവാദ ‘ശിവലിംഗം’ കണ്ടെത്തുന്നത്. പ്രാദേശിക കോടതി നിർദേശിച്ച കമീഷനായിരുന്നു സർവേ നടത്തിയത്. അന്നു മുതൽ വുദുഖാന സീൽ ചെയ്ത നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.