അലനും താഹയും മാവോയിസ്റ്റുകൾ; സി.പി.എം പ്രവർത്തകരല്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് യുവാക്കളും മാവോവാദികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പ്രവർത്തകരായ രണ്ട് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ കേസിൽ തുടർനടപടികളെന്തായെന്ന ചോദ്യത്തോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അവർ സി.പി.എം പ്രവർത്തകരോ? സി.പി.എം പ്രവർത്തകരല്ല, അവർ മാവോവാദികളാണ്’ എന്ന് മുഖ്യമന്ത്രി തറപ്പിച്ചുപറഞ്ഞു.
അവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ‘ആ പരിശോധനയൊക്കെ നടന്നുകഴിഞ്ഞു, അവർ മാവോവാദികളാണെന്ന് വ്യക്തമായല്ലോ’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ചിരിയോടെ മുഖ്യമന്ത്രി വാർത്തസമ്മേളനം അവസാനിപ്പിച്ച് പോകുകയായിരുന്നു.
അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർഥികളാണ് കഴിഞ്ഞമാസം പന്തീരാങ്കാവിൽ മാവോവാദി ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായത്. സി.പി.എം പ്രവർത്തകരായ ഇവരെ പിന്നീട് പാർട്ടി കോഴിക്കോട് ജില്ലാ നേതൃത്വം തള്ളിപ്പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി ആദ്യമായാണ് ഇങ്ങനെയൊരു പരസ്യപ്രതികരണത്തിന് മുതിരുന്നത്.
ശബരിമല: സുപ്രീംകോടതി നിർദേശാനുസരണം പ്രവർത്തിക്കും -മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി നിർദേശാനുസരണം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്ടിവിസ്റ്റ് തൃപ്തി ദേശായി ശബരിമലദർശനത്തിന് എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘അയ്യപ്പനെ കാണുക എന്ന ഉദ്ദേശ്യത്തോടെയാകണമല്ലോ അവർ വരിക’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘നേരത്തേ ചില തീരുമാനങ്ങളെടുത്തത് അനുസരിച്ച് വരികയല്ലേ. അതിൽ താനെന്ത് ചെയ്യാൻ?’.
ബിന്ദു അമ്മിണി വീണ്ടും ശബരിമലയിലെത്തുമെന്ന് പ്രഖ്യാപിച്ചതിനെപ്പറ്റി, ‘അവരെല്ലാം സുപ്രീംകോടതിയിൽ പോയല്ലോ’ എന്നായിരുന്നു മറുപടി. സുപ്രീംകോടതിയുടെ നിർദേശം എന്താണോ, അതിനനുസരിച്ച് പ്രവർത്തിക്കുമെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്. വരട്ടെ, നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വിഴിഞ്ഞം: കരാർ വ്യവസ്ഥ അനുസരിച്ച് ചെയ്യാവുന്നത് ചെയ്യും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കാലാവധി അവസാനിച്ച സ്ഥിതിക്ക്, കരാർ വ്യവസ്ഥകൾ അനുസരിച്ച് ചെയ്യാനാകുന്നതെല്ലാം സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് നേരത്തേതന്നെ പ്രശ്നങ്ങളുയർന്നുവന്നതാണ്. നേരത്തേതന്നെ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നെങ്കിലും നാടിെൻറ ഒരു പദ്ധതിയെന്നനിലക്ക് അത് പൂർത്തീകരിക്കാനാവശ്യമായ സഹായം സർക്കാർ ചെയ്യുകയാണുണ്ടായത്. അവർക്ക് പറഞ്ഞ സമയത്തിനകത്ത് പൂർത്തിയാക്കാനായില്ല. അതിനാൽ കരാർ വ്യവസ്ഥകൾ പ്രകാരമുള്ള തുടർനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നത് ഗൗരവമായി ആലോചിക്കും. ജീവനക്കാർക്ക് പ്രയാസങ്ങളുണ്ടാകുമ്പോൾ പ്രക്ഷോഭങ്ങൾ സ്വാഭാവികമാണ്. കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ ഒട്ടേറെ നടപടികളെടുത്തിട്ടുണ്ട്. ഇനിയും അത്തരം നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.