'ബോംബ് സ്ഫോടനം നടത്തിയത് ഭീകരവാദമല്ല, പുസ്തകം സൂക്ഷിച്ച ഞാൻ തീവ്രവാദി'; കളമശ്ശേരി സ്ഫോടനക്കേസിൽ യു.എ.പി.എ ഒഴിവാക്കിയതിൽ അലൻ ഷുഹൈബ്
text_fieldsകോഴിക്കോട്: എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യു.എ.പി.എ വകുപ്പുകൾ ഒഴിവാക്കിയതിൽ പ്രതികരണവുമായി പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതി അലൻ ശുഹൈബ്.
"ബോംബ് സ്ഫോടനമുണ്ടാക്കി ആളുകളെ കൊല്ലുന്നത് ഭീകരപ്രവർത്തനമല്ല. പക്ഷേ, ഏതാനും പുസ്തകങ്ങളും ലഘുലേഖയും സൂക്ഷിച്ചതിന് ആരോപണ വിധേയനായ ഞാൻ തീവ്രവാദിയായി. ഇനി ജനാധിപത്യത്തെ കുറിച്ച് എനിക്കൊരു ക്ലാസ് തരൂ.." വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതം പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അലന്റെ വിമർശനം.
പുസ്കങ്ങളും ചിന്തകളുമാണ് ബോംബുകളേക്കാൾ അപകടമുണ്ടാക്കുന്നതെന്ന് തനിക്ക് ഇപ്പോൾ മനസിലായെന്നും 10 മാസത്തെ ജയിലിൽ വാസത്തിലൂടെ പിണറായി വിജയനാണ് അത് മനസിലാക്കാൻ സഹായിച്ചതെന്നും അലൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
2023 ഒക്ടോബർ 29ന് കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്‍ററില്‍ നടത്തിയ സ്ഫോടനത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് കേസിലെ ഏക പ്രതി. യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഏപ്രിലിലാണ് കൊച്ചി ഡി.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. യു.എ.പി.എ ഒഴിവാക്കിയതോടെ കൊലപാതകം, സ്ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ നടക്കുക.
2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ചാണ് വിദ്യാർഥികളായിരുന്ന അലൻ ശുഹൈബ്, താഹാ ഫസൽ എന്നിവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. സിപിഐ അടക്കം എൽഡിഎഫ് ഘടകക്ഷികൾ തന്നെ ഇതിനെ വിമർശിച്ചെങ്കിലും യുഎപിഎ ചുമത്തിയതിനെ പരസ്യമായി ന്യായീകരിക്കുകയാണ് അന്ന് മുഖ്യമന്ത്രി ചെയ്തത്. ചായ കുടിക്കാൻ പോയതിനല്ല ഇരുവരെയും അറസ്റ്റ് ചെയ്തത് എന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.