കോടികളുടെ വഖഫ് ഭൂമി കുത്തകകൾക്ക് പതിച്ചുനൽകിയതായി ആക്ഷേപം
text_fieldsകോഴിക്കോട്: അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കുമെന്ന സർക്കാർ പ്രഖ്യാപനം ജലരേഖയായെന്ന് ആരോപണം. കോടികൾ വിലവരുന്ന വഖഫ് ഭൂമി കുത്തകകൾക്ക് സ്വന്തമാക്കാൻ അവസരമൊരുക്കുന്നതായും പരാതി ഉയർന്നു.
1950ൽ ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫിസിൽ മുഹമ്മദ് സാദിഖ് സേട്ട് ഫാറൂഖ് കോളജിന് വഖഫ് ചെയ്ത എറണാകുളം ചെറായി ബീച്ചിലെ 404.76 ഏക്കർ കൈയേറി കൈവശം വെക്കുന്നവർക്ക് നികുതി അടക്കാൻ റവന്യൂ ഉദ്യോഗസ്ഥർ ഉത്തരവ് നൽകിയതായി വഖഫ് ബോർഡ് അംഗങ്ങളായ എം.സി. മായിൻഹാജി, പി. ഉബൈദുല്ല എം.എൽ.എ, അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവർ ആരോപിച്ചു. മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്കായാണ് ഭൂമി വഖഫ് ചെയ്തത്.
കേരളം കണ്ട ഏറ്റവും വലിയ വഖഫ് കൊള്ളക്കാണ് സർക്കാർ നേതൃത്വം നൽകുന്നതെന്ന് അംഗങ്ങൾ ആരോപിച്ചു. 2019 മേയ് 20ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായ വഖഫ് ബോർഡ് തിരിച്ചുപിടിക്കുന്നതിന് നടപടി സ്വീകരിച്ച ഭൂമിയിലാണ് അന്യർക്ക് നികുതി അടക്കാൻ അനുവാദം നൽകിയതെന്ന് ബോർഡ് അംഗങ്ങൾ കുറ്റപ്പെടുത്തി. റവന്യൂ മന്ത്രിയും വഖഫ് മന്ത്രിയും പങ്കെടുത്ത ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.
ഫാറൂഖ് കോളജ് സെക്രട്ടറികൂടിയായ കെ.സി. ഹസ്സൻ കുട്ടി ഹാജി നേരത്തെ നികുതി അടച്ചിരുന്നതും കേരള വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തതുമായ ഭൂമിക്ക് നികുതി അടക്കാൻ കുത്തക റിസോർട്ട് ഉടമകൾക്ക് അനുമതി നൽകിയത് വഖഫ് നിയമങ്ങൾക്ക് വിരുദ്ധവും വിജിലൻസ് കേസിന് വഴിവെക്കുന്നതുമാണ്. അതുകൊണ്ട് തീരുമാനം റദ്ദാക്കാൻ സർക്കാർ തയാറാകണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.