മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം: ഹരജി പിന്‍വലിക്കുമെന്ന് ചീഫ് സെക്രട്ടറിക്ക് ഐ.ജി ലക്ഷ്മണിന്‍റെ കത്ത്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹരജിയിൽ അഭിഭാഷകനെ പഴിചാരി ഐ.ജി ലക്ഷ്മൺ. ഹരജിയിലെ പരാമര്‍ശങ്ങളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് വിശദീകരിച്ച് ലക്ഷ്മൺ ചീഫ് സെക്രട്ടറി വി. വേണുവിന് കത്ത് നൽകി. ഹരജി അടിയന്തരമായി പിൻവലിക്കാൻ നിർദേശം നൽകിയെന്നും ഐ.ജി അറിയിച്ചു.മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയാക്കിയതിനെതിരെ നൽകിയ ഹരജിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ലക്ഷ്മൺ ഗുരുതര ആരോപണം ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നും ഓഫിസിലെ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുകയും ഒത്തുതീർപ്പിന് നേതൃത്വം നൽകുന്നതായും ഹരജിയിൽ ആരോപിച്ചിരുന്നു. ഹരജിയുടെ ഗൗരവം കണക്കിലെടുത്ത് ലക്ഷ്മണിനെതിരെ അച്ചടക്ക നടപടിക്ക് ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നതിനിടെയാണ് അഭിഭാഷകനെ പഴിചാരി തടിയൂരാനുള്ള ഐ.ജിയുടെ ശ്രമം. സർവിസിലുള്ള ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ രംഗത്തുവന്നത് പ്രതിപക്ഷമടക്കം സർക്കാറിനെതിരെ ആയുധമാക്കിയിരുന്നു.കൊച്ചിയിലെ അഭിഭാഷകനായ നോബിൾ മാത്യുവിനെയാണ് വക്കാലത്ത് ഏൽപിച്ചത്. ആരോഗ്യ പ്രശ്നങ്ങളെതുടര്‍ന്ന് ആയുര്‍വേദ ചികിത്സയിലായിരുന്നതിനാൽ ഹരജിയിലെ കാര്യങ്ങൾ വായിക്കാൻ കഴിഞ്ഞില്ല. മാധ്യമങ്ങളിലൂടെയാണ് വിവാദ ഉള്ളടക്കം അറിഞ്ഞത്. ശ്രദ്ധയിൽപെട്ട ഉടനെ ഹരജി പിൻവലിക്കാനും മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ പരാമര്‍ശങ്ങൾ ഒഴിവാക്കാനും അഭിഭാഷകന് നിർദേശം നൽകിയതായും ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നു. ഇതുസംബന്ധിച്ച് അഭിഭാഷകന് അയച്ച കത്തിന്‍റെ പകർപ്പും ചീഫ് സെക്രട്ടറിക്ക് കൈമാറി. കേസ് ഈ മാസം 17ന് വീണ്ടും ഹൈകോടതി പരിഗണിക്കും.
കേസിൽ മൂന്നാം പ്രതിയാണ് ലക്ഷ്മൺ. തിങ്കളാഴ്ച ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് ലക്ഷ്മൺ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകും.
ഐ.ജി ലക്ഷ്‌മണിന്‍റെ വെളിപ്പെടുത്തൽ: പ്രതികരിക്കാതെ അഭിഭാഷകൻ
കൊച്ചി: ഹൈകോടതിയിൽ നൽകിയ ഹരജിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണങ്ങൾ തന്റെ അറിവോടെ ഉന്നയിച്ചതല്ലെന്ന ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാതെ അഭിഭാഷകൻ. അഭിഭാഷകൻ എന്ന നിലയിൽ കക്ഷിയുടെ താൽപര്യം സംരക്ഷിക്കാൻ ഉത്തമ ബാധ്യതയുണ്ടെന്നും ഹരജി പിൻവലിക്കണമെന്ന് ഐ.ജി ലക്ഷ്മൺ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അഡ്വ. നോബിൾ മാത്യു വ്യക്തമാക്കി. അദ്ദേഹം പറഞ്ഞ മറ്റു ചില കാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ വ്യക്തമാക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
മോൻസൺ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മൺ നൽകിയ ഹരജിയിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ടായിരുന്നു. ഇത് വിവാദമായതോടെയാണ് തന്റെ അറിവോടെയല്ല ഈ ആരോപണങ്ങളെന്ന് ഐ.ജി വ്യക്തമാക്കിയത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തും നൽകി.
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി ചേർത്തതിനെത്തടർന്നാണ് ഐ.ജി ലക്ഷ്മൺ കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.