ഇ.പി ജയരാജനെതിരായ ആരോപണം: മുഖ്യമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നത് -വി.ഡി സതീശൻ
text_fieldsഅനധികൃത റിസോർട്ടുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെയും പാർട്ടി നേതാക്കളുടെയും മൗനം അമ്പരപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അവർ പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല, നിഷേധിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് നമുക്ക് പ്രതികരിക്കേണ്ടി വരുന്നത്.
ഈ റിസോർട്ട് സംബന്ധിച്ച മുഴുവൻ കാര്യങ്ങളും മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ സി.പി.എം നേതാക്കൾക്കും അറിയാം. തുടർഭരണം കിട്ടി കഴിഞ്ഞ അഞ്ചാറ് വർഷമായി പാർട്ടിയിൽ നടക്കുന്ന ജീർണതകളാണ് ഒന്നൊന്നായി പുറത്തുവരുന്നത്. എന്തെല്ലാം കാര്യങ്ങളാണ് പുറത്തുവന്നത്?. റിസോർട്ട് മാഫിയയുണ്ട്, റിസോർട്ട് അനധികൃത പണം കൊണ്ട് കെട്ടിപ്പടുത്തതാണ്, മുതിർന്ന നേതാക്കൾക്ക് അതിൽ പങ്കുണ്ട്, നേരത്തെ മന്ത്രിയായിരുന്നയാൾ അനധികൃതമായി സമ്പാദിച്ച പണം കൊണ്ടാണ് ഈ റിസോർട്ട് കെട്ടിപ്പടുത്തിരിക്കുന്നത്, അവിടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മുന്നോട്ടുവരുന്നത്. അതേ അവസരത്തിൽ മറ്റൊരു വിഭാഗം പറയുന്നത് മറ്റൊരു നേതാവിന് സ്വർണക്കളക്കടത്ത് സംഘവുമായി ബന്ധമുണ്ട്, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ട് എന്നിങ്ങനെയാണ്.
കെ.പി.സി.സി പ്രസിഡന്റും കണ്ണൂർ ഡി.സി.സിയും മുമ്പ് തന്നെ ഈ റിസോർട്ട് സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഒരു സുപ്രഭാതത്തിൽ വീണ്ടും പാർട്ടി കമ്മിറ്റിയിൽ ഈ ആരോപണം ഉയരാനുള്ള കാരണമെന്താണ്?. നമ്മൾ ഉദ്ദേശിക്കുന്നതിനേക്കാൾ അപ്പുറത്തൊരു മാനം ഈ വിഷയത്തിലുണ്ട്. ഇരുമ്പ് മറക്ക് പിറകിലായിരുന്ന ഒരുപാട് കാര്യങ്ങളും അത് തകർത്ത് പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പരസ്പരമുള്ള ചെളി വാരിയെറിയലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹിക വിരുദ്ധ ശക്തികളുമായുള്ള ഇവരുടെ ഓരോരുത്തരുടെയും ബന്ധങ്ങളാണ് ഇതുവഴി പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.