വിചാരണ കോടതിക്കെതിരെ ആരോപണം; ഇരയായ നടിക്ക് ഹൈകോടതിയുടെ വിമർശനം
text_fieldsകൊച്ചി: ആക്രമിച്ച് അശ്ലീല ചിത്രം പകർത്തിയ കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിക്കെതിരെ ആരോപണമുന്നയിച്ച ഇരയായ നടിക്ക് ഹൈകോടതിയുടെ വിമർശനം. കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹരജിയിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് വിമർശനമുണ്ടായത്. എന്തടിസ്ഥാനത്തിലാണ് വിചാരണ കോടതിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചാൽ പിഴ ചുമത്തേണ്ടി വരുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മുന്നറിയിപ്പ് നൽകി.
സർക്കാറും രാഷ്ട്രീയ നേതൃത്വവും ചേർന്ന് അന്വേഷണം അട്ടിമറിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയാറാവുന്നില്ലെന്നുമാരോപിച്ചാണ് നടി കോടതിയെ സമീപിച്ചത്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറൻസിക് റിപ്പോർട്ട് വിചാരണ കോടതി പ്രോസിക്യൂഷനെ അറിയിച്ചില്ലെന്നും കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നെന്ന് ആശങ്കയുണ്ടെന്നും നടി ഹരജിയിൽ ആരോപിച്ചിരുന്നു.
പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് കോടതിയുടേതെന്നും പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ എന്തടിസ്ഥാനത്തിലാണെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് അടിസ്ഥാനമെന്നായിരുന്നു നടിയുടെ അഭിഭാഷകയുടെ മറുപടി. അന്വേഷണ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടോയെന്ന് സിംഗിൾബെഞ്ച് ആരാഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ ചിലത് പറയാനുണ്ടെന്ന് അഭിഭാഷക വ്യക്തമാക്കിയതോടെ വിശദമായ വാദത്തിനായി ഹരജി ആഗസ്റ്റ് ഒന്നിലേക്ക് മാറ്റി. തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു നടിയുടെ ആവശ്യം.തനിക്കെതിരെ ആരോപണമുള്ളതിനാൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യവും കോടതി അനുവദിച്ചു. ദിലീപിനെ കക്ഷി ചേർക്കുന്നതിനെ നടിയുടെ അഭിഭാഷക എതിർത്തെങ്കിലും കോടതി പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.