പുൽപള്ളി സഹകരണ ബാങ്കിൽ മുപ്പത് കോടിയുടെ തട്ടിപ്പെന്ന് ആരോപണം
text_fieldsപുൽപള്ളി: പുൽപള്ളി സർവിസ് സഹകരണ ബാങ്കിൽ 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജനകീയ സമര സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കുറ്റക്കാരായ മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ബാങ്കിനെ തകർത്തതിനു പിന്നിൽ കോൺഗ്രസ് നേതാക്കളാണ്.
ബാങ്കിന്‍റെ അറ്റകുറ്റ പണിക്ക് 14 ലക്ഷം രൂപ ചെലവ് വരുന്നതിന് 34 ലക്ഷം രൂപ ചെലവഴിച്ചെന്നും ആരോപിച്ചു. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ജനകീയ സമര സമിതിയും മത്സരിക്കും. വാർത്തസമ്മേളനത്തിൽ അജയകുമാർ, വി. എസ്. ചാക്കോ, എൻ. സത്യാനന്ദൻ, ദാനിയേൽ പറമ്പക്കോട്ട്, സജു കള്ളിക്കപറമ്പിൽ എന്നിവർ പങ്കെടുത്തു.
ക്രമക്കേട് ആരോപണം വാസ്തവ വിരുദ്ധം - കെ.കെ. അബ്രഹാം
കല്‍പറ്റ: പുല്‍പള്ളി സര്‍വിസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ ക്രമക്കേട് നടത്തിയെന്ന തനിക്കെതിരെയുള്ള ആരോപണം വാസ്തവ വിരുദ്ധമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ രാഷ്ട്രീയ എതിരാളികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സമരമാണ് ബാങ്കിന് മുന്നില്‍ നടക്കുന്നത്. താന്‍ ബാങ്ക് പ്രസിഡന്റായിരുന്ന 2010-2018 കാലയളവില്‍ വഴിവിട്ട് വായ്പകള്‍ അനുവദിച്ചിട്ടില്ല.
മേഖലയിലെ കാര്‍ഷിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കൊള്ളപ്പലിശക്കാര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത് തടയാന്‍ ജാമ്യവസ്തുവിന്റെ അനുമാന വില കണക്കാക്കി വായ്പകള്‍ അനുവദിച്ചിരുന്നു. വായ്പ വിതരണത്തില്‍ ഭരണസമിതി സ്വീകരിച്ച ഉദാര സമീപനത്തെയാണ് ക്രമക്കേടായി ചിത്രീകരിക്കുന്നത്. ഇടപാടുകാരുടെ ജാമ്യവസ്തുവില്‍ അവരറിയാതെ വന്‍തുക വായ്പ തരപ്പെടുത്തി സാമ്പത്തിക തിരിമറി നടത്തിയെന്നതും കുപ്രചാരണമാണ്. ഇത്തരം തിരിമറി സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ല.
സി.പി.എം പ്രാദേശിക നേതാക്കളുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ നിര്‍ദേശമനുസരിച്ചാണ് തനിക്കെതിരെ സഹകരണ നിയമത്തിലെ സെക്ഷന്‍ 65 പ്രകാരം അന്വേഷണം നടത്തിയത്. രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങിയാണ് ജോയന്റ് രജിസ്ട്രാര്‍ സര്‍ചാര്‍ജ് ഉത്തരവിറക്കിയത്. വരാനിരിക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കാതിരിക്കാനുള്ള ഗൂഡതന്ത്രമാണിതെന്നും സര്‍ചാര്‍ജ് ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കില്‍ ഭാര്യയുടെ പേരിലുണ്ടായിരുന്ന വായ്പ തിരിച്ചടച്ചിട്ടും രേഖകള്‍ തരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.