ബി.ജെ.പി നേതാക്കൾക്കെതിരെയുള്ള കൈക്കൂലി ആരോപണം: അന്വേഷിക്കാൻ പ്രത്യേക സമിതി
text_fieldsപേരാമ്പ്ര: നേതാക്കൾ കൈക്കൂലി വാങ്ങിയെന്ന ആരോപണം ബി.ജെ.പിക്ക് തലവേദനയാകുന്നു. ഇതെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കകയാണ്. ബി.ജെ.പി പ്രവർത്തകൻ പ്രജീഷിന്റെ പെട്രോൾ പമ്പിനെതിരായ സമരം അവസാനിപ്പിക്കാൻ നേതാക്കൾ പണം വാങ്ങിയെന്നാണ് പരാതി.
പെട്രോൾ പമ്പിലെത്തി ബി.ജെ.പി നേതാക്കൾ പണം വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ശബ്ദരേഖയും ഇതിനകം പ്രജീഷ് പുറത്തുവിട്ടിരുന്നു. കല്ലോട് പ്രജീഷ് ഒരു പെട്രോൾ പമ്പ് തുടങ്ങുന്നുണ്ട്. അവിടെ മണ്ണിടിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപയാണ് ബി.ജെ.പി ജില്ല സെക്രട്ടറി മോഹനൻ അടക്കമുള്ളവർ ആവശ്യപ്പെട്ടതെന്നാണ് പറയുന്നത്.
ദേവർകോവിലിൽ പ്രജീഷിന് മറ്റൊരു പെട്രോൾ പമ്പുണ്ട്. ബി.ജെ.പി നേതാക്കൾ ഇവിടെയെത്തി 1,10,000 രൂപ വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പ്രജീഷ് പുറത്തുവിട്ടത്. അതിനിടെ ഇന്നലെ പേരാമ്പ്രയിലെ മണ്ഡലം ഭാരവാഹികളുടെ യോഗം നടക്കുന്നതിനിടെ കൈക്കൂലി വാങ്ങുന്നവർക്കെതിരെ നടപടി ആവാശ്യപ്പെട്ട് പ്രവർത്തകർ എത്തിയതോടെ യോഗം കയ്യാങ്കളിയിൽ കലാശിച്ചു. ഇത് സംബന്ധിച്ചും അന്വേഷണ സമിതി പരിശോധിക്കും. നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ സാമ്പത്തിക ആരോപണം നേരിട്ട നേതാക്കൾക്കുനേരെയാണ് വീണ്ടും പരാതിയെന്നത് ഗൗരവത്തോടെ കാണണമെന്ന് ആവശ്യം ശക്തമാണ്. വ്യാജ രസീതിന്റെ മറവിൽ കോഴിക്കോട് ജില്ലയിൽ കോടികളുടെ പിരിവ് നടന്ന സംഭവത്തിലുൾപ്പെട്ട ചിലർ ഈ സംഭവത്തിനുപിന്നിലുണ്ടെന്ന് പറയുന്നു. കൈക്കൂലി വരും ദിവസങ്ങളിൽ ബിജെപിക്കകത്ത് ചൂട് പിടിച്ച ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് നേതൃതലത്തിലുള്ളവർ തന്നെ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.