കൈക്കൂലി ആരോപണം കാണാതെ പരാതി
text_fieldsതിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ കൈക്കൂലി ആരോപണത്തിൽ കുരുക്ക് മുറുകുന്നു. മന്ത്രി വീണ ജോർജിന്റെ ഓഫിസിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മലപ്പുറം സ്വദേശിയുടെ പരാതിയിൽ ഇനിയും പൊലീസ് നടപടിയെടുത്തില്ല. അങ്ങനെയൊരു പരാതി ലഭിച്ചില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ നാഗരാജു ചക്കിലം സ്ഥിരീകരിച്ചു. പേഴ്സനൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതി മാത്രമാണ് മന്ത്രിയുടെ കുറിപ്പോടെ പൊലീസ് ആസ്ഥാനത്തുനിന്ന് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ലഭിച്ച പരാതിയിൽ കേസെടുത്തു. അഖിൽ മാത്യുവിന്റെ മൊഴിയെടുത്തു. ആ പരാതിയിൽ പരാമർശിക്കുന്ന ഹരിദാസനെ ചോദ്യം ചെയ്യാൻ കന്റോൺമെന്റ് എ.സി.പി സ്റ്റുവര്ട്ട് കീലറിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറത്തേക്ക് തിരിച്ചതായി കമീഷണർ പറഞ്ഞു.
മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകൾക്ക് ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം നൽകി ആൾമാറാട്ടം നടത്തിയ അജ്ഞാതൻ പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് അഖിൽ മാത്യുവിന്റെ മൊഴി. ഈ എഫ്.ഐ.ആറിൽ ആരെയും പ്രതിചേർത്തിട്ടില്ല. എങ്കിലും ഹരിദാസന്റെ പേര് പരാമർശിച്ചതിനാലാണ് പൊലീസ് മലപ്പുറത്തേക്ക് തിരിച്ചത്. ഹരിദാസന്റെ പ്രായാധിക്യവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് സംഘം അങ്ങോട്ട് പോയതെന്ന് കമീഷണർ പറഞ്ഞു.
ഹരിദാസ് ഇതുവരെ പൊലീസിനോട് ഒന്നും പറഞ്ഞിട്ടില്ല. കേസിൽ ശാസ്ത്രീയ അന്വേഷണം വേണ്ടിവരും. ആരൊക്കെ കണ്ണികളായിട്ടുണ്ടെന്ന് കണ്ടെത്തണം. ബാങ്ക് അക്കൗണ്ട് വഴിയുള്ള പണമിടപാട് ഉള്ളതിനാൽ കണ്ടെത്തൽ എളുപ്പമാവും. വളരെ വേഗം സത്യം കണ്ടെത്തുമെന്നും വെള്ളിയാഴ്ച വൈകുന്നേരത്തിനകം പൂർണചിത്രം കിട്ടുമെന്നും കമീഷണർ അറിയിച്ചു.
പത്തനംതിട്ട സി.ഐ.ടി.യു മുൻ ഓഫിസ് സെക്രട്ടറി അഖിൽ സജീവിനെ പാർട്ടി കൈവിട്ടെങ്കിലും പൊലീസിന് ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല. ഹരിദാസനെ ഇതുവരെ കണ്ടിട്ടില്ലെന്നും കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് പിന്നിൽ പ്രവർത്തിച്ചതെന്നുമുള്ള ഇയാളുടെ ശബ്ദസന്ദേശം പുറത്തുവന്നു. അഖിൽ മാത്യു നിരപരാധിയാണെന്ന് ഇയാളും പറയുന്നു. എന്നാൽ, ഇരുവർക്കുമെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഹരിദാസൻ ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ ഹരിദാസൻ പണം കൈമാറിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിൽ വിവാഹചടങ്ങിൽ പങ്കെടുക്കുകയായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
പരാതി പൊലീസിന് നൽകാതെ മുക്കിയശേഷം ആരോപണവിധേയന്റെ പരാതി മാത്രം പൊലീസിന് നൽകിയ മന്ത്രി വീണാ ജോർജിന്റെ പ്രവൃത്തിയിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആരോപണവിധേയനായ ജീവനക്കാരനെ ജോലിയിൽ തുടരാൻ അനുവദിച്ച് പൊലീസ് അന്വേഷണം പ്രഹസനമാക്കാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒളിവിലെന്ന് പൊലീസ്; ചാനലുകളിൽ നിറഞ്ഞ് അഖിൽ സജീവ്
പത്തനംതിട്ട: മലപ്പുറത്ത് ഡോക്ടർ നിയമനത്തിന് കോഴ ഇടപാടിൽ ഇടനില നിന്നതായി ആരോപണമുള്ള പത്തനംതിട്ട വള്ളിക്കോട് സ്വദേശി അഖിൽ സജീവ് മാസങ്ങളായി ഒളിവിലാണെന്ന് പൊലീസ്. എന്നാൽ, പൊലീസ് ഒളിവിലെന്ന് പറയുന്ന പ്രതി ചാനലുകൾക്ക് ഫോൺ വഴി അഭിമുഖവും നൽകുന്നു. സി.ഐ.ടി.യു പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ അക്കൗണ്ടിൽനിന്ന് 3.60 ലക്ഷം രൂപ തട്ടിയതു ഉൾപ്പെടെ വിവിധ തിരിമറി കേസുകളിൽപെട്ട ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. മറ്റ് നിരവധി സ്ഥലങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇയാളുടെ വള്ളിക്കോട്ടെ അടഞ്ഞുകിടക്കുന്ന വീട്ടിൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട് നിരവധി കോടതി നോട്ടീസുകൾ പതിച്ചിട്ടുണ്ട്. ഇതിനിടെയാണ് ആരോഗ്യമന്ത്രിയുടെ ഓഫിസിനെ ഉപയോഗിച്ച് ഡോക്ടർ നിയമന തട്ടിപ്പ് പുറത്തായത്.
സി.ഐ.ടി.യുവിന്റെ പണം തട്ടിയ പരാതിയിൽ അഖിൽ സജീവിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്ത് 15 മാസമായിട്ടും അറസ്റ്റുണ്ടായില്ല. ഇയാൾ ഒളിവിലായിരുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ തട്ടിപ്പിൽ ചില സി.പി.എം, സി.പി.ഐ, ബി.ജെ.പി നേതാക്കൾക്കും പങ്കുണ്ടെന്നാണ് വിവരം. ഇക്കാര്യം ഇയാൾ തന്നെ പലരോടും പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.