മുത്തങ്ങ രക്തസാക്ഷി ജോഗിയുടെ പേരില്‍ പ്രസീത അഴീക്കോട് സാമ്പത്തികതട്ടിപ്പെന്ന് നടത്തുന്നുവെന്ന് ഗോത്രമഹാസഭ
text_fieldsകോഴിക്കോട് : മുത്തങ്ങ സമരത്തിലെ രക്തസാക്ഷി ജോഗിയുടെ പേരില്‍ പ്രസീത അഴീക്കോട് സാമ്പത്തിക തട്ടിപ്പെന്ന് നടത്തുന്നുവെന്ന് ആദിവാസി ഗോത്രമഹാസഭ. 2003 ല്‍ മുത്തങ്ങ വെടിവെപ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ സ്മൃതിമണ്ഡപവും പഠനഗവേഷണസ്ഥാപനവും നിർമിക്കാനെന്ന പേരില്‍ 'സ്നേഹക്കൂട്' എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് സംസ്ഥാന വ്യാപകമായി പണപ്പിരിവ് നടത്തുന്നതെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനുവും, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുത്തങ്ങ സമരത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണെന്നും, ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, പ്രസീത അഴീക്കോട് പ്രചരിപ്പിക്കുന്നത്. പ്രസീത അഴീക്കോടിന്‍റെയും, 'സ്നേഹക്കൂട്' ചാരിറ്റബിള്‍ സൊസൈറ്റിയുടെയും അവകാശവാദം ശരിയാണെന്ന വിശ്വാസത്തിലാകാം മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സംഭാവന നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം കബളിപ്പിക്കപ്പെട്ടു എന്ന് വേണം കരുതാന്‍.
ജോഗി സ്മൃതിമണ്ഡപനിര്‍മ്മാണ ചെലവിലേക്ക് മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സംഭാവന നല്‍കുന്നതിന്‍റെ ദൃശ്യം പണപ്പിരിവുകാര്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. മുസ്ലീംലീഗ് വൃത്തങ്ങളില്‍ നിന്നും വന്‍തോതില്‍ പണപ്പിരിവ് നടത്തുന്നതിനുള്ള പ്രമോഷന്‍ നടപടിയായാണ് ലീഗ് നേതാവ് സംഭാവന നല്‍കുന്നതിന്‍റെ ഫോട്ടോ പ്രചരിപ്പിച്ചത്. മറ്റ് ചില നേതാക്കളും സംഭാവന നല്‍കിയതായി അറിയാന്‍ കഴിഞ്ഞു.
യഥാർഥത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ പ്രസീത അഴീക്കോട് എന്ന വനിതയ്ക്ക് ആദിവാസി ഭൂസമരങ്ങളോ, മുത്തങ്ങ സംഭവമോ ആയി യാതൊരുവിധ ബന്ധവുമില്ല. സി.കെ. ജാനുവിന്‍റെ ജനാധിപത്യരാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നെങ്കിലും പിന്നീട് പുറത്താക്കി. പ്രസീത നിരവധി സാമ്പത്തിക തട്ടിപ്പുകളുടെ പശ്ചാത്തലമുള്ള വ്യക്തിയുമാണ്. മുത്തങ്ങ സമരഭൂമിക്കടുത്ത് നിലവില്‍ ജോഗി സ്മൃതിമണ്ഡപമുണ്ട്. മാനന്തവാടി ചാലിഗദ്ദ ആദിവാസി സെറ്റില്‍മെന്‍റില്‍ ജോഗി സ്മൃതിമണ്ഡപം നിമിക്കുമെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.
ജോഗിയുടെ മകന്‍ ചാലിഗദ്ദയില്‍ താമസിക്കുന്നുണ്ട്. ജോഗിയുടെ മകനോ കുടുംബമോ ജോഗിയുടെ പേരിലുള്ള പണപ്പിരിവിനെക്കുറിച്ച് അറിഞ്ഞിട്ടില്ല. ഊര്നിവാസികളുടെ അറിവോ സമ്മതമോ സ്മൃതിമണ്ഡവും പഠനഗവേഷണസ്ഥാപനവും നിർമിക്കുന്നതിനില്ല. ആരും ഭൂമിവിട്ടുകൊടുക്കില്ല. ഭൂരിപക്ഷം ഊര് നിവാസികളും നിരന്തരപ്രളയത്തിന്‍റെ സാഹചര്യത്തില്‍ പുനരധിവസിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു പദ്ധതിയും രൂപരേഖയുമില്ലാത്ത പണപ്പിരിവ് തട്ടിപ്പാണെന്ന് വ്യക്തമാണ്.
പണപ്പിരിവിന് വേണ്ടി പ്രചരിപ്പിക്കുന്ന ബാങ്ക് അക്കൗണ്ട് പ്രസീത അഴീക്കോടിന്‍റെ വ്യക്തിപരമായ അക്കൗണ്ടാണ്. സൊസൈറ്റിയുടെ ജോയിന്‍റ് അക്കൗണ്ടല്ല. പണപ്പിരിവിന് സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കുന്ന പോസ്റ്ററില്‍ പ്രസിന്‍റെ പേരില്ല. പണപ്പിരിവ് ഒരു തട്ടിപ്പുസംഘത്തിന്‍റേതാണെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. പ്രസീത അഴീക്കോടിനും, സ്നേഹക്കൂട് ചാരിറ്റബിള്‍ സൊസൈറ്റിക്കുമെതിരെ നിയമനടപടി കൈക്കൊള്ളാന്‍ ഗോത്രമഹാസഭ ഒരുങ്ങുകയാണ്. ഗോത്രമഹാസഭയുടെ വിശദീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും മുസ് ലീം ലീഗിന്‍റെയും ഒരു വിശദീകരണം ആദിവാസി ഗോത്രമഹാസഭ ആവശ്യപ്പെടുകയാണ്. മുത്തങ്ങ ദിനത്തിന്‍റെ 21-ാം വാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായി ജോഗി അനുസ്മരണവും ജി. അശോകന്‍ അനുസ്മരണവും 2024 ഫെബ്രുവരി 19ന് മുത്തങ്ങ തകരപ്പാടിയില്‍ നടത്തുമെന്നും സി.കെ ജാനുവും എം.ഗീതാനന്ദനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.