മുസ്‌ലിം പ്രീണന ആരോപണം: വെള്ളാപ്പള്ളിയെ സംവാദത്തിന് വെല്ലുവിളിച്ച് മെക്ക
text_fieldsകോഴിക്കോട്: കേരളത്തിൽ മുസ്‌ലിം ന്യൂനപക്ഷ പ്രീണനമാണ് നടക്കുന്നതെന്ന ആരോപണത്തിൽ യഥാർഥ വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും നിരത്തി സംവാദത്തിന് വെള്ളാപ്പള്ളി നടേശൻ തയാറാകണമെന്ന് വെല്ലുവിളിച്ച് 'മെക്ക'. കേരളപ്പിറവിക്കു ശേഷമുള്ള നിയമ നിർമാണ സഭകളിലും മുഖ്യമന്ത്രി, മന്ത്രിമാർ, എം.പിമാർ, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ, താക്കോൽസ്ഥാനം വഹിക്കുന്ന വിവിധ വകുപ്പുകളുടെ മേധാവികൾ, വില്ലേജ് ഓഫിസർ മുതൽ ചീഫ് സെക്രട്ടറി സ്ഥാനം വഹിക്കുന്നവർ തുടങ്ങി സർക്കാർ ഖജനാവിൽ നിന്നും ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നവരുടെയും പ്രാതിനിധ്യം സംബന്ധിച്ച് എന്തു രേഖയാണ് വെള്ളാപ്പള്ളിയുടെ പക്കലുള്ളതെന്ന് വ്യക്തമാക്കണമെന്ന് മെക്ക സംസ്ഥാന സെക്രട്ടറി എൻ.കെ. അലി പറഞ്ഞു.
ഈഴവ സമുദായത്തിന് ലഭിക്കാത്ത ഏതു പദവിയും സ്ഥാനമാനങ്ങളുമാണ് മുസ്‌ലിംകൾക്ക് ലഭിക്കുന്നതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് ഒരു ചീഫ് സെക്രട്ടറി സ്ഥാനം പോലും കേരള മുസ്‌ലിംകൾക്ക് ലഭിച്ചിട്ടില്ല. ക്രമസമാധാന ചുമതയിൽ ഒരു മുസ്‌ലിം ഐ.ജിയുടെ സേവനം വെറും ഒരു മാസത്തിൽ താഴെ മാത്രം. മുഖ്യമന്ത്രിക്കസേരയിൽ ഒരു മുസ്‌ലിം അമ്പത് ദിവസം മാത്രം.
ഇതിൽ നിന്നും വ്യത്യസ്തമായി സർവ്വ മേഖലകളും കയ്യടക്കി അമ്പത് ശതമാനത്തിലധികം അധികാരം കെയ്യാളുന്ന മുന്നാക്ക- സവർണ വിഭാഗത്തെക്കുറിച്ച് ഒരു പരാതിയും പ്രീണനാരോപണവും നടത്താത്ത വെള്ളാപ്പള്ളി ഈഴവരടക്കമുള്ള പിന്നാക്ക- പട്ടിക വിഭാഗങ്ങളെ കബളിപ്പിച്ച് സംഘ്പരിവാർ ബി.ജെ.പി ഫാഷിസ്റ്റ് ശക്തികൾക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ പിന്നോട്ട് നയിക്കുന്ന നവോത്ഥാന നായക വേഷം കെട്ടിയാടി വർഗീയവിഷം ചീറ്റുകയാണ് ചെയ്യുന്നത്.
മുസ്‌ലിം പ്രീണനാരോപണങ്ങൾക്ക് ഔദ്യോഗികമായും അനൗദ്യോഗികമായും പ്രതികരണമോ മറുപടിയോ പറയാതെ മൗനം അവലംബിച്ച് വോട്ടു ബാങ്ക് ലക്ഷ്യമിടുന്ന ഇടതു-വലതു മുന്നണിയും സർക്കാരും യഥാർത്ഥ സ്ഥിതി വിവരക്കണക്കുകൾ പുറത്തുവിടാൻ തയ്യാറാകണമെന്നും മെക്ക അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് പരാജയം പഠിക്കുന്ന സി.പി.എമ്മും ഇടതുമുന്നണിയും മുഖ്യമന്ത്രിയുമാണ് ഇനിയും വെള്ളാപ്പള്ളിയെപ്പോലുള്ള കപട നേതാക്കളെ തിരിച്ചറിയാത്തതും തള്ളിപ്പറയാത്തതും എന്നതാണ് കേരള ജനതയെ അത്ഭുതപ്പെടുത്തുന്നതെന്നും അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.