ഫോൺ ചോർത്തൽ ആരോപണം; എ.ഡി.ജി.പിക്കെതിരെ അന്വേഷണത്തിന് മുതിരാതെ ആഭ്യന്തര വകുപ്പ്
text_fieldsകോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ മന്ത്രിമാരടക്കം പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് മുതിരാതെ ആഭ്യന്തര വകുപ്പ്. ഭരണകക്ഷി എം.എൽ.എ പി.വി. അൻവർ എ.ഡി.ജി.പിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അനധികൃത സ്വത്ത് സമ്പാദനം, കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, കൈക്കൂലി അടക്കമുള്ളവയിൽ സമ്മർദങ്ങൾക്കൊടുവിൽ അന്വേഷണത്തിന് മുതിർന്ന സർക്കാർ ഫോൺ ചോർത്തൽ ആരോപണം കണ്ടില്ലെന്ന് നടിക്കുകയാണ്. അൻവറിന്റെ ആരോപണത്തിൽ ഏറ്റവും ഗുരുതരമായതായിരുന്നു മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ എന്നിവരുടെ ഫോൺ എ.ഡി.ജി.പി രഹസ്യമായി ചോർത്തിയെന്നത്. സൈബർ സെല്ലിൽ പ്രത്യേകം സഹായിയെ നിയോഗിച്ചായിരുന്നു ഫോൺ ചോർത്തലെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ പക്കലുണ്ടെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു.
ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗസസ് ഉപയോഗിച്ച് പൗരന്മാരെ രഹസ്യ നിരീക്ഷണം നടത്തി ഫോൺ ചോര്‍ത്തിയെന്നതില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച പാർട്ടിയാണ് സി.പി.എം. പെഗസസ് സംബന്ധിച്ച് ദേശീയതലത്തിൽ വലിയ കാമ്പയിൻ സംഘടിപ്പിച്ച പാർട്ടി ഭരിക്കുന്ന കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാത്തത് വിമർശന വിധേയമായിട്ടുണ്ട്. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച അടക്കമുള്ളവയിൽ അന്വേഷണം നടക്കട്ടെ, കുറ്റക്കാരെ സംരക്ഷിക്കില്ല തുടങ്ങിയ ഒഴുക്കൻ മറുപടികൾ പറഞ്ഞ് പിൻവാങ്ങിയ പാർട്ടി നേതൃത്വവും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നതിനാൽ ഫോൺ ചോർത്തലിൽ മൗനത്തിലാണ്.
ആഭ്യന്തര സുരക്ഷ ഭീഷണി, ഗുരുതര ക്രമസമാധാന പ്രശ്നം, രാജ്യാന്തര ലഹരി വ്യാപാരം തുടങ്ങിയവ മുൻനിർത്തി ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെ ചട്ടങ്ങൾ പാലിച്ച് ക്രമസമാധാന ചുമതലയുള്ള ഡി.ഐ.ജി മുതൽ ഡി.ജി.പി വരെയുള്ള ഉദ്യോഗസ്ഥർക്ക് നിലവിൽ ഒരാളുടെ ഫോൺ ചോർത്താം. ചോർത്തൽ തുടങ്ങി മൂന്നു ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അപേക്ഷ സമർപ്പിച്ച് ഏഴുദിവസത്തിനകം ആഭ്യന്തര സെക്രട്ടറിയിൽനിന്ന് ഉത്തരവ് നേടണമെന്നാണ് വ്യവസ്ഥ. അൻവറിന്റെ ആരോപണം ശരിയെങ്കിൽ എ.ഡി.ജി.പി അനുമതി വാങ്ങിയാണോ ഫോൺ ചോർത്തിയത്, എന്താവശ്യത്തിനാണ് ഫോൺ ചോർത്തിയത് എന്നീ ചോദ്യങ്ങളാണ് ഉയരുന്നത്. ഫോൺ ചോർത്തിയോ, ഇല്ലയോ എന്നതിൽ സ്ഥിരീകരണമുണ്ടാവണമെങ്കിലും അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.