ജഡ്ജിയുടെ പേരിൽ പണം വാങ്ങിയെന്ന ആരോപണം; അഭിഭാഷകനെതിരെ അന്വേഷണം
text_fieldsകൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ സിനിമ നിർമാതാവിന് മുൻകൂർ ജാമ്യം നേടുന്നതിന് ഹൈകോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ ലക്ഷങ്ങൾ വാങ്ങിയെന്ന ആരോപണത്തിൽ കൊച്ചിയിലെ അഭിഭാഷകനെതിരെ പൊലീസ് അന്വേഷണം. ഹൈകോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ ഭാരവാഹികൂടിയാണ് അഭിഭാഷകൻ. ഹൈകോടതി രജിസ്ട്രാർ ഡി.ജി.പിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആരോപണത്തിൽ വാസ്തവമുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ പൊലീസ് കേസെടുക്കും.
മാസങ്ങൾക്കുമുമ്പാണ് സിനിമ നിർമാതാവ് പ്രതിയായ ബലാത്സംഗക്കേസ് കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ മുൻകൂർ ജാമ്യം ലഭിക്കാൻ കേസ് പരിഗണിച്ച ജഡ്ജിക്ക് നൽകാനെന്ന പേരിൽ 25 ലക്ഷം രൂപ അഭിഭാഷകൻ വാങ്ങിയെന്നാണ് ആരോപണം. ഹൈകോടതിയിൽ ആഴ്ചകളായി അഭിഭാഷകർ തമ്മിൽ ഒളിഞ്ഞും തെളിഞ്ഞും നടന്ന ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിലാണ് വിഷയം സംസ്ഥാന പൊലീസിന്റെ മുന്നിലെത്തുന്നത്.
കേസ് പരിഗണിച്ച ജഡ്ജിക്ക് പണമിടപാട് സംബന്ധിച്ച് ചില വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് വിജിലൻസ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ആരോപണം കോടതിക്ക് കളങ്കമുണ്ടാക്കുന്നതാണെന്ന് കണ്ടെത്തി. ആരോപണവിധേയനായ അഭിഭാഷകനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു മുതിർന്ന ജഡ്ജിമാർ. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് കേസിൽ പ്രാഥമികാന്വേഷണം നടത്താൻ ഹൈകോടതി രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടത്. കൊച്ചി സിറ്റി കമീഷണറുടെ മേൽനോട്ടത്തിലാകും അന്വേഷണം. അന്വേഷണ വിവരങ്ങൾ പരമാവധി രഹസ്യമാക്കി സൂക്ഷിക്കണമെന്ന നിർദേശവുമുണ്ട്.
അതേസമയം, ഹൈകോടതി അഭിഭാഷക അസോസിയേഷന്റെ സുപ്രധാന ചുമതലയിലേക്ക് താൻ എത്തുന്നത് തടയാൻ എതിർവിഭാഗം നടത്തുന്ന കരുതിക്കൂട്ടിയുള്ള നീക്കമാണ് ഇപ്പോഴത്തേതെന്നാണ് അഭിഭാഷകൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.