കെ. ഗോപാലകൃഷ്ണനൊപ്പം എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ തൂക്കമൊപ്പിക്കലെന്ന് ആരോപണം
text_fieldsതിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്ട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണനൊപ്പം സർവിസ് ചട്ടലംഘനമാരോപിച്ച് കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിനെയും സസ്പെൻഡ് ചെയ്ത നടപടി തൂക്കമൊപ്പിക്കലെന്ന ആരോപണം ശക്തമാകുന്നു. സാമൂഹിക ചേരിതിരിവ് സൃഷ്ടിക്കുംവിധം ഉദ്യോഗസ്ഥർക്കിടയിൽ മതാടിസ്ഥാനത്തിൽ വാട്സ്ഗ്രൂപ് ഉണ്ടാക്കൽ ഗുരതര കൃത്യവിലോപമാണ്.
അതേസമയം ഉദ്യോഗസ്ഥർക്കിടയിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചുവെന്നതാണ് എൻ. പ്രശാന്തിനിനെതിരായ ആരോപണം. അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ മറ്റൊരു ഉദ്യോഗസ്ഥനെ വിമർശിക്കുന്നത് എങ്ങനെ ഉദ്യോഗസ്ഥർക്കിടയിൽ ചേരിതിരിവുണ്ടാക്കലാകുമെന്നാണ് ഉയരുന്ന ചോദ്യം. ഇതേക്കുറിച്ച് അധികാരികൾക്ക് കൃത്യമായ വിശദീകരണമില്ല.
ഉന്നതിയുമായി ബന്ധപ്പെട്ട ഫയൽ കൈമാറിയില്ലെന്ന അഡീഷനൽ ചീഫ് സെക്രട്ടറി ജയതിലകിന്റെ റിപ്പോർട്ടും ഇതുസംബന്ധിച്ച വാർത്തകളുമാണ് എൻ. പ്രശാന്തിന്റെ വിവാദപരാമർശങ്ങൾക്ക് കാരണം. അതേസമയം ഫയലുകൾ കൈമാറിയിരുന്നില്ല എന്നത് ശരിയല്ലെന്ന് അടിവരയിടുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
അതേസമയം, സസ്പെൻഷൻ നടപടിയിൽ പ്രതികരണവുമായി കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. അഭിപ്രായ സ്വാതന്ത്ര്യമടക്കം ഭരണഘടന മൂല്യങ്ങളിൽ വിശ്വസിക്കുന്നയാളാണ് താൻ. ശരിയെന്ന് തോന്നുന്നത് പറയുന്നതിൽ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായം. ബോധപൂർവം ഇതുവരെ ഒരു ചട്ടവും ലംഘിച്ചിട്ടില്ല. അഭിപ്രായസ്വാതന്ത്ര്യമെന്നത് എല്ലാവരെയും സുഖിപ്പിച്ച് പറയലാണെന്നല്ല ഭരണഘടനയിലുള്ളതെന്നും പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
സത്യം പറയാൻ പ്രത്യേക സാഹചര്യമോ അജണ്ടയോ വേണ്ട. താൻ ഇവിടെത്തന്നെയുണ്ടാകും. ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്പെൻഷനാണ്. സർക്കാറിനെയും സർക്കാർ നയങ്ങളെയും വിമർശിക്കരുതെന്നാണ് സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിലുള്ളത്.
സത്യം പറയുക, സത്യം ഉറക്കെപ്പറയുക എന്നതൊക്കെ ആക്ടിവിസമോ, പൊളിറ്റിക്സോ ലക്ഷ്യമാക്കുന്നവർക്കുള്ളതാണെന്ന് തെറ്റിദ്ധരിക്കുന്ന സാഹചര്യം കേരളത്തിലുണ്ട്. സത്യസന്ധമായ കാര്യം പറയാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നെന്ന് കരുതുന്നയാളാണ് താൻ.
പറയുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ടെന്നാണ് തന്റെ വിശ്വാസം. സുപ്രീംകോടതി വിധികളൊക്കെ ഇക്കാര്യത്തിൽ ഇഷ്ടംപോലെയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ, താൻ വാറോല കൈപ്പറ്റട്ടെയെന്ന് പറഞ്ഞ് അദ്ദേഹം പിൻവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.