മന്ത്രവാദ ചികിത്സയെന്ന് ആരോപണം; പനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ കേസെടുത്തു
text_fieldsകണ്ണൂർ: സിറ്റി ഞാലുവയലിൽ പനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ പിതൃസഹോദരന്‍റെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കണ്ണൂർ സിറ്റി ഞാലുവയൽ ദാറുൽ ഹിദായത്തിൽ എം.സി. അബ്ദുൽ സത്താറിന്‍റെയും എം.എ. സാബിറയുടെയും മകൾ എം.എ. ഫാത്തിമയാണ് (11) മരിച്ചത്. പെൺകുട്ടിക്ക് കലശലായ പനി ഉണ്ടായിട്ടും ശരിയായ ചികിത്സ നൽകാതെ മന്ത്രവാദ ചികിത്സയാണ് നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മൂന്ന് ദിവസമായി ഫാത്തിമക്ക് കലശലായ പനി ഉണ്ടായിരുന്നു. ഞായറാഴ്ച പുലർച്ച മൂന്നിനാണ് പനി മൂച്ഛിച്ചതിനെ തുടർന്ന് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി കേന്ദ്രങ്ങൾ വ്യക്തമാക്കി.
സിറ്റി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ശേഷം വൈകീട്ട് ആറിന് കണ്ണൂർ സിറ്റി ഞാലുവയലിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
കണ്ണൂർ സിറ്റി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഫാത്തിമ അരട്ടക്കപ്പള്ളി മദ്റസയിൽ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്. സഹോദരങ്ങൾ: സാബിഖ്, സാഹിർ, സഹൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.