നെല്ല് സംഭരണത്തിൽ സർക്കാർ പാഴാക്കിയത് കോടികൾ; സ്വകാര്യ മില്ലുടമകൾക്കായി സപ്ലൈകോയെ ബലിയാടാക്കി
text_fieldsതിരുവനന്തപുരം: നെല്ല് സംഭരണത്തിന്റെ മറവിൽ കേരളം അഞ്ചുവർഷത്തിനിടെ, പാഴാക്കിയത് 257.41 കോടി. നെല്ല് സംഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ സ്വന്തം നിലക്ക് സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന കേന്ദ്ര നിർദേശം കാറ്റിൽപറത്തി മില്ലുടമകൾക്ക് വഴിവിട്ട് നൽകിയ സഹായത്തിന്റെ ഭാഗമായാണ് ഭക്ഷ്യ, കൃഷി വകുപ്പുകൾ സംയുക്തമായി കോടികൾ വെള്ളത്തിലാക്കിയത്.
നെല്ല് സംഭരണത്തിന് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ നോഡൽ ഏജൻസിയാണ് സപ്ലൈകോ. ശേഖരിക്കുന്ന നെല്ല്, സർക്കാറിന്റെ സംഭരണ കേന്ദ്രത്തിലെത്തിക്കേണ്ടത് സപ്ലൈകോയാണ്. ഇത്തരം കേന്ദ്രങ്ങളിൽ നിന്നുള്ള നെല്ലിന്റെ കടത്ത് ചെലവ് മാത്രമേ, കേന്ദ്രം സംസ്ഥാനത്തിന് നൽകൂ. എന്നാൽ, സ്വന്തമായി സംഭരണകേന്ദ്രങ്ങൾ നിർമിക്കാൻ ഭക്ഷ്യ വകുപ്പോ, കൃഷി വകുപ്പോ തയാറായിട്ടില്ല. സംഭരണകേന്ദ്രങ്ങളില്ലാത്തതിനാൽ പാലക്കാട് ജില്ലയിൽ കർഷകരുടെ വീടുകളിൽനിന്നും മറ്റു ജില്ലകളിൽ പാടശേഖരങ്ങളിൽനിന്ന് നേരിട്ടുമാണ് സപ്ലൈകോയുമായി കരാറിലുള്ള മില്ലുകൾ നെല്ല് സംഭരിക്കുന്നത്. മില്ലുകൾക്ക് ഗതാഗത ചെലവ് സപ്ലൈകോയാണ് നൽകുന്നത്. ഇങ്ങനെ 2017-18 മുതൽ 2022-23വരെ സപ്ലൈകോ മില്ലുകൾക്ക് നൽകിയത് 257.41 കോടിയാണ്. ഈ തുക നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിരവധി അപേക്ഷ നൽകിയെങ്കിലും കേരളത്തിന്റെ തോന്ന്യാസം അംഗീകരിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.
സംഭരണശാല നിർമിക്കാൻ കുറഞ്ഞത് രണ്ടു കോടിയോളം വേണ്ടിവരും. 30 സംഭരണശാല സ്ഥാപിച്ചാലും 60 കോടി രൂപ മാത്രമേ ചെലവാകൂ. സംഭരിക്കുന്ന മുന്തിയ ഇനം നെല്ല് ഗോഡൗണിലെത്തിച്ച് അരിയാക്കി ബ്രാൻഡുകളാക്കി വിപണിയിലെത്തിക്കുകയാണ് നല്ലൊരു ശതമാനം മില്ലുടമകളും ചെയ്യുന്നത്. പകരം ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിലകുറഞ്ഞ വെള്ളയരി മട്ടയരി (സി.എം.ആർ) എന്ന പേരിൽ റേഷൻ കടകളിലെത്തിക്കും. ഇത്തരത്തിൽ സി.എം.ആർ ആണെന്ന വ്യാജേന പത്തനംതിട്ട, കോന്നി ഗോഡൗണുകളിലെത്തിച്ച അരി 2024 ഡിസംബറിൽ സപ്ലൈകോ പിടികൂടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.