ചെങ്ങറ പാക്കേജ് തകർത്തത് സർക്കാർ സംവിധാനമെന്ന് ആക്ഷേപം; ചെലവഴിച്ചത് 11 കോടി
text_fieldsകൊച്ചി: കാസർകോട് ജില്ലയിലെ ചെങ്ങറ പാക്കേജ് തകർത്തത് സർക്കാർ സംവിധാനമെന്ന് ആക്ഷേപം. ഭൂരഹിതരുടെ പുനരധിവാസത്തിന് പെരിയ കെ.ആർ. നാരായണൻ കോഓപറേറ്റിവ് സെറ്റിൽമെൻറ് പ്രോഗ്രാം നടപ്പാക്കുന്നതിന് പട്ടികജാതി -വർഗ വകുപ്പിന് കൈമാറിയ 166.42 ഏക്കർ തിരിച്ചെടുക്കുന്നത് അട്ടിമറിയാണെന്ന് ദലിത് നേതാക്കളായ എം. ഗീതാനന്ദനും ശ്രീരാൻ കൊയ്യോനും 'മാധ്യമ'ത്തോട് പറഞ്ഞു.
പട്ടികവിഭാഗങ്ങളുടെ ജീവിത പുരോഗതിക്കും വരുമാനത്തിനും വേണ്ടി നടപ്പാക്കിയ കൂട്ടുകൃഷി സംരംഭത്തിനാണ് ഭൂമി തിരിച്ചെടുക്കാനുള്ള റവന്യൂ വകുപ്പിെൻറ ഉത്തരവിലൂടെ ഷട്ടറിട്ടത്. കാസർകോട് കേന്ദ്ര സർവകലാശാലക്ക് അടുത്തുള്ള കണ്ണായസ്ഥലമാണ് റവന്യൂ വകുപ്പ് തിരിച്ചെടുക്കുന്നത്. സൊസൈറ്റിയെന്ന നിലയിൽ പ്രവർത്തനം തടഞ്ഞത് സർക്കാർ സംവിധാനമാണ്. ഭൂമി തിരിച്ചെടുത്ത് പദ്ധതി അവസാനിപ്പിച്ച് വളരെ കുറച്ചുപേർക്ക് മാത്രം പട്ടയം നൽകി ബാക്കി ഭൂമി കൈയടക്കുകയാണ് സർക്കാറിെൻറ ലക്ഷ്യം.
സർക്കാർ സംവിധാനത്തിെൻറ കെടുകാര്യസ്ഥതയാണ് പദ്ധതിയെ തകർത്തത്. ഇക്കാര്യം മറച്ചുവെച്ചാണ് കലക്ടർ റിപ്പോർട്ട് നൽകിയത്. പാക്കേജ് പ്രകാരം കാസർകോട് 350 കുടുംബങ്ങൾക്കാണ് ഭൂമി നൽകേണ്ടത്. എന്നാൽ, 60-70 കുടുംബങ്ങൾ മാത്രമാണ് പുനരധിവാസത്തിനെത്തിയത്. പട്ടികജാതി ഫണ്ടിൽനിന്ന് 11 കോടി പുനരധിവാസത്തിന് അനുവദിച്ചിരുന്നു.
വ്യക്തമായ മാസ്റ്റർ പ്ലാൻ തയാറാക്കാതെയാണ് ഉദ്യോഗസ്ഥർ ഫണ്ട് ചെലവഴിച്ചത്. അതിന് കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മറുപടി പറയണം. പുനരധിവാസത്തിന് അനുവദിച്ച തുക ചെലവഴിച്ചിട്ടാണ് ഇപ്പോൾ സൊസൈറ്റി പ്രവർത്തനം അവസാനിക്കുന്നത്.
പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒരേക്കറും ഒന്നേകാല്‍ ലക്ഷം രൂപയുടെ വീടും പട്ടികജാതി വിഭാഗങ്ങള്‍ക്ക് അരയേക്കറും ഒരു ലക്ഷം രൂപയുടെയും വീട് നിർമിച്ചു നൽകുമെന്നായിരുന്നു ധാരണ. മറ്റുള്ള കുടുംബങ്ങള്‍ക്ക് 75,000 രൂപയുടെ വീടാണ് നല്‍കാനും പാക്കേജില്‍ ധാരണയായിരുന്നു. അതെല്ലാം തുടർന്ന് അട്ടിമറിച്ചു.
പുനരധിവാസത്തിന് അനുവദിച്ച 166 ഏക്കറിൽനിന്ന് 20-25 ഏക്കർ ഭൂമിക്ക് പട്ടയം നൽകി ബാക്കി ഭൂമി പട്ടികജാതി-വർഗക്കാരിൽനിന്ന് തട്ടിയെടുക്കാനാണ് സർക്കാർ ശ്രമം. ഇത് സർക്കാർ അനുവദിച്ച ഭൂമി അന്യാധീനപ്പെടുന്നതിന് തുല്യമാണ്. ഭൂമിക്കായി സമരം നടത്തുന്ന ഭൂരഹിതരെ തമ്മിലടിപ്പിച്ചാണ് സർക്കാർ സമരങ്ങളെ പൊളിക്കുന്നത്. ചെങ്ങറയിൽ സമരം ചെയ്തവർക്ക് ആറ് ജില്ലകളിൽ ഭൂമി നൽകി പുനരധിവാസം നടത്താമെന്ന വി.എസ് സർക്കാറിെൻറ ഉറപ്പാണ് ഉത്തരവിലൂടെ അട്ടിമറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.