പൊലീസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി; 'അച്ചടക്കമില്ലാത്ത പ്രവൃത്തികൾ ഒരുവിധത്തിലും വെച്ചുപൊറുപ്പിക്കില്ല'
text_fieldsകോട്ടയം: പൊലീസ് സേനയിലെ അച്ചടക്കമില്ലാത്ത പ്രവൃത്തികൾ ഒരുവിധത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവത്തോടെ പരിശോധിക്കും. ഏറ്റവും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്നും കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ പി.വി. അൻവർ എം.എൽ.എ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. എം.ആർ. അജിത് കുമാർ വേദിയിലിരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
കഴിഞ്ഞ കാലങ്ങളിലായി പൊലീസിൽ വളരെയേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, പൊലീസിൽ മാറ്റങ്ങൾക്ക് നേരെ മുഖംതിരിഞ്ഞു നിൽക്കുന്ന ചെറിയ ഒരുവിഭാഗം ഉണ്ടെന്നത് ഗൗരവമായി കാണുന്നു. പൊലീസ് സേനയിലുള്ളവർ അച്ചടക്കത്തിന്‍റെ ചട്ടക്കൂടിൽ നിന്ന് വ്യതിചലിക്കരുത്. കേരള പൊലീസിൽ കഴിഞ്ഞ കാലത്ത് വലിയ മാറ്റങ്ങൾ വരുത്താനായി. നല്ല രീതിയിലുള്ള ജനകീയ സേനയായി പൊലീസ് മാറി. ക്രമസമാധാന പ്രശ്നം ഒരാൾക്കും ഉന്നയിക്കാനാവാത്ത വിധമുള്ള സാമൂഹിക ജീവിതം നമുക്ക് ഉറപ്പുവരുത്താൻ പൊലീസിനായി. ശാസ്ത്രീയ കുറ്റാന്വേഷണ രീതികളിലൂടെ കുറ്റകൃത്യങ്ങൾ തെളിയിക്കാനും പൊലീസിനായി -മുഖ്യമന്ത്രി പറഞ്ഞു.
സേനയിലെ പുഴുക്കുത്തുക്കളെ സേനയിൽ നിന്നു ഒഴിവാക്കി. ഇത്തരക്കാരെ സർവിസിൽ വേണ്ട എന്ന നിലപാടാണ് സർക്കാരിനുള്ളത്.108 പേരെ കഴിഞ്ഞ കാലയളവിൽ പുറത്താക്കി. ഈ നടപടി ഇനിയും തുടരും. സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് കലവറ ഇല്ലാത്ത പിന്തുണ നൽകും. നിങ്ങൾ മുന്നിൽ വരുന്ന വിഷയങ്ങളിൽ മനുഷ്യത്വവും നീതിയുമാണ് പൊലീസ് ഉയർത്തിപ്പിടിക്കേണ്ടത് -മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രസംഗത്തിൽ അൻവർ എം.എൽ.എയുടെ പേര് മുഖ്യമന്ത്രി പരാമർശിച്ചില്ല. പാർട്ടിയെയും സർക്കാറിനെയും സമ്മർദത്തിലാക്കിയിട്ടും അൻവറിനെ കുറ്റപ്പെടുത്താത്ത നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.