കേസുകൾ ഒത്തുതീർപ്പാക്കാൻ സി.പി.എം - ബി.ജെ.പി ധാരണയെന്ന് ആരോപണം
text_fieldsകുമ്പള: സി.പി.എം പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും പ്രതികളായ രണ്ടു വ്യത്യസ്ത കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് ധാരണയായതായി മുസ്ലിം യൂത്ത് ലീഗ് ജില്ല ട്രഷറർ യൂസുഫ് ഉളുവാർ കുമ്പളയിൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സി.പി.എം-ബി.ജെ.പി ധാരണക്ക് പിന്നാലെയാണിത്. ഹൈകോടതിയുടെ പരിഗണനയിലുള്ള രണ്ടു കേസുകളാണ് വാദങ്ങൾ ദുർബലപ്പെടുത്തി പ്രതികളെ രക്ഷപ്പെടുത്താൻ പരസ്പരം ധാരണയുണ്ടാക്കിയിരിക്കുന്നത്. ബി.ജെ.പിയാണ് ഒത്തുതീർപ്പിന് മുൻകൈയെടുത്തതെന്നും ഈ വഞ്ചനയെപ്പറ്റി കുടുംബാംഗങ്ങൾക്ക് സൂചന നൽകിയിട്ടുണ്ടെന്നും യൂസുഫ് ഉളുവാർ സൂചിപ്പിച്ചു.
രക്തസാക്ഷികളുടെ പേരിൽ ഇരുകൂട്ടരും വർഷാവർഷം ബലിദാന ദിനങ്ങളും രക്തസാക്ഷി ദിനങ്ങളും ആചരിച്ചു വരുന്നത് രാഷ്ട്രീയ ലാഭത്തിനും അണികളെ കൂടെ നിർത്തുന്നതിനും വേണ്ടി മാത്രമാണ്.
രക്തസാക്ഷികളുടെ കുടുംബം കേസുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ച് അന്വേഷിക്കാൻ തയാറാവണമെന്നും യൂസുഫ് ആവശ്യപ്പെട്ടു. സി.പി.എം- ബി.ജെ.പി സംഘട്ടനങ്ങളും കൊലപാതകങ്ങളും നടത്തി നിരവധി ജീവൻ പൊലിയുകയും പരസ്പരം പോർവിളിക്കുകയും ചെയ്യുന്ന കുമ്പളയിൽ തന്നെയാണ് ഇത്തരമൊരു ധാരണയെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. മുമ്പ് കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ച നടന്നതും മറ്റും ഭാസ്കര കുമ്പളയുടെ കൊലപാതകത്തിൽ ആരോപണ വിധേയനായ വ്യക്തിയുടെ വീട്ടിൽ വെച്ചാണ്.
അതിനുശേഷം ഇതേ വ്യക്തിയുടെ വീട്ടിൽ തന്നെയാണ് കേസ് ഒത്തുതീർപ്പാക്കാനും ധാരണയായതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി സി.എ സുബൈർ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കുമാർ ഷെട്ടി എന്നിവർ ചേർന്നാണ് രണ്ട് ധാരണ ചർച്ചകൾക്കും നേതൃത്വം നൽകിയത്. സി.പി.എം-ബി.ജെ.പി ജില്ല നേതൃത്വങ്ങളുടെ അറിവോടുകൂടിയാണ് പരസ്പര ധാരണ.
കുമ്പള ഗ്രാമപഞ്ചായത്ത് ഭരണത്തിൽ ഇടപെടുന്നതിന് ബി.ജെ.പി- സി.പി.എം കോർ കമ്മിറ്റി രഹസ്യ താവളത്തിൽ മാസാമാസം യോഗം ചേരുന്നതായും നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ഇരുകക്ഷികളും ചേർന്ന് പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ പദ്ധതിയുള്ളതായും ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. കുമ്പളയിലെ ഈ ധാരണ മണ്ഡലത്തിലുടനീളം വ്യാപിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് കച്ചവടം നടത്തി പരസ്പരം സഹായിക്കാനാണ് നീക്കമെന്നും യൂസുഫ് ഉളുവാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.