അട്ടപ്പാടിയിലെ പൊലീസ് അക്രമത്തിന് പിന്നിൽ എച്ച്.ആർ.ഡി.എസെന്ന് ആരോപണം; മുരുകനെ മാവോവാദിയായി ചിത്രീകരിച്ച് തൊടുപുഴ സഹോദരന്മാർ
text_fieldsകൊച്ചി: അട്ടപ്പാടിയിലെ പൊലീസ് നടപടിക്ക് പിന്നിൽ എച്ച്.ആർ.ഡി.എസെന്ന് (ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെൻറ് സൊസൈറ്റി - ഗ്രമീണ വികസന സെസൈറ്റി) ആരോപണം. അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ എൻ.ജി സംഘടനയായ എച്ച്.ആർ.ഡി.എസ് നടത്തുന്ന പ്രവർത്തനത്തെ വിമർശിച്ചതാണ് വി.എസ്. മുരുകനെ അറസ്റ്റ് ചെയ്ത് ജയിലടക്കാൻ ഇടയാക്കിയതെന്നാണ് ആദിവാസികൾ പറയുന്നത്.
അട്ടപ്പാടിയിൽ ആദിവാസി ക്ഷേമ പ്രവർത്തനത്തിന് രംഗത്തിറങ്ങിയ എച്ച്.ആർ.ഡി.എസ്, ആദിവാസി ഊരുകളിൽ യോഗം വിളിച്ച് 33 വർഷത്തേക്ക് ആദിവാസ് ഭൂമി പാട്ടത്തിന് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദിവാസികൾ അതിന് തയാറായില്ല. കൂടാതെ വട്ടിലക്കിയിൽ ആദിവാസികൾ ആടുമാടുകളെ മേച്ചിരുന്ന 55 ഏക്കർ ഭൂമി വിദ്യാധിരാജ ട്രസ്റ്റ് കൈക്കാലിക്കിയെന്നാണ് ആദിവാസികളോട് പൊലീസ് പറയുന്നത്.
ഈ ഭൂമിയിലേക്ക് ആദിവാസികൾ പ്രവേശിക്കരുതെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു. ഇവിടെ ആദിവാസികൾ കെട്ടിയ കുടിലും തീവെച്ചു. ഭൂമി വിദ്യാധിരാജ ട്രസ്റ്റ് എച്ച്.ആർ.ഡി.എസിന് കൈമാറിയെന്നറിഞ്ഞ മുരുകനും ഊരിലെ ആദിവാസികളും പരാതി നൽകി. അതോടെയാണ് മുരുകൻ എച്ച്.ആർ.ഡി.എസിൻെറ കണ്ണിലെ കരടായി മാറിയത്.
എച്ച്.ആർ.ഡി.എസിന്‍റെ പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ ഫേസ്ബുക്കിലൂടെ വി.എസ്. മുരുകനെതിരെ രംഗത്തുവന്നതോടെ എൻ.ജി.ഒക്ക് ഇതിലുള്ള പങ്കും താൽപ്പര്യവും വെളിപ്പെട്ടു. മുരുകനെയും മൂപ്പനെയും ക്രിമിനൽ കേസിലെ പ്രതികളെന്നാണ് ബിജു സംബോധന ചെയ്യുന്നത്. അറസ്റ്റ് ചെയ്യുന്നവരെ 'അല്ലയോ മഹാനുഭാവ വന്നാലും' എന്ന് പറഞ്ഞ് താലപ്പൊലിയേന്തി നിയമം നടപ്പാക്കാൻ പൊലീസിന് കഴിയുമോയെന്നാണ് ബിജുവിന്‍റെ ചോദ്യം. മൂപ്പനെയും മുരുകനെയും അറസ്റ്റ് ചെയ്ത പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വിനോദ് കൃഷ്ണനെ അഭിനന്ദിക്കുകയാണ് ബിജു കൃഷ്ണൻ. ആദിവാസികളുടെ രക്ഷകൻ ചമഞ്ഞ് മാവോയിസ്റ്റ് ആശയ രീതികൾ പിന്തുടരുകയും അട്ടപ്പാടിയിലെ സമാധാന അന്തരീക്ഷം തകർക്കാൻ അക്രമം അഴിച്ചുവിടുകയാണ് ആക്ഷൻ കൗസിലെന്ന് പറഞ്ഞാണ് ബിജുവിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.
അട്ടപ്പാടിയിലാണ് പ്രവർത്തനമെങ്കിലും തൊടുപുഴയാണ് എച്ച്.ആർ.ഡി.എസിന്‍റെ കേന്ദ്രം. സ്ഥാപക സെക്രട്ടറി അജി കൃഷ്ണനും അദ്ദേഹത്തിന്‍റെ സഹോദരൻ ബിജുകൃഷ്ണനും തൊടുപുഴ സ്വദേശികളാണ്. അജി ഇന്ത്യൻ ഗ്രാമങ്ങളിൽ സഞ്ചരിച്ച് ജനങ്ങളുടെ സംസ്കാരത്തെക്കുറിച്ച് പഠനം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. ബിജു ബിരുദാനന്തരം എൽ.എൽ.ബി പഠിക്കാൻ ഡൽഹിയിലെത്തി. ഇപ്പോൾ എച്ച്.ആർ.ഡി.എസിന്‍റെ പ്രോജക്ട് ഡയറക്ടറാണ്. രണ്ടുപേരും ചേർന്ന് അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമിയെല്ലാം ഏറ്റെടുത്ത് അവരുടെ പട്ടിണിക്ക് പരിഹാരം ഉണ്ടാക്കുമെന്നാണ് വാഗ്ദാനം.
എച്ച്.ആർ.ഡി.എസിൻെറ രക്ഷാധികാരി മൻ കേന്ദ്രമന്ത്രി എസ്. കൃഷ്ണ കുമാറാണ്. മാർഗനിർദേശം നൽകുന്നതാകട്ടെ ഗുരു ആത്മനമ്പി (ആത്മജി)യാണ്. രാജ്യത്തെ അസമത്വത്തിൽനിന്നും മോചിപ്പിക്കനാണ് സൈദ്ധാന്തികമായി ഇവരുടെ പ്രവർത്തനം. മാനവികതയുടെ പുനഃസ്ഥാപനമാണ് ഇവരുടെ ലക്ഷ്യം. രാജ്യത്തെ അടിച്ചമർത്തപ്പെട്ടവരുടെ, പ്രത്യേകിച്ച് ഗോത്രങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്ന് അവകാശപ്പെടുന്നു. നിരവധി ആദിവാസി കുടുംബങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന നിരവധി ക്ഷേമ പദ്ധതികൾ രാജ്യത്ത് പലയിടത്തും ആരംഭിച്ചിട്ടുണ്ടെന്നും പറയുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗ്ഗം, സ്ത്രീ ശാക്തീകരണം തുടങ്ങി വിവിധ മേഖലകളിലാണ് പ്രവർത്തനം. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, ത്രിപുര, അസം, ജാർഖണ്ഡ് എന്നിവടങ്ങളിലെ ആദിവാസി മേഖലകളിലാണ് പ്രവർത്തനമുള്ളത്. ഇതിനായി പാവപ്പെട്ടവരും ദരിദ്രരുമായ ആദിവാസികളുടെ ഭൂമി വേണം. തൊടുപുഴ സഹോദരന്മാർക്ക് ആവശ്യം അട്ടപ്പാടിയിലെ ആദിവാസി ഭൂമിയാണ്.
ഏതുതരം പ്രവർത്തനം നടത്തിയും അവർ ആദിവാസി ഭൂമി സ്വാന്തമാക്കും. തടസ്സമായി ആദിവാസികളിലാരെങ്കിലും നിന്നാൽ അവർക്കെല്ലാമൊരു താക്കീതാണ് വട്ടലക്കിയിലെ മുരുകന്‍റെ അനുഭവം. സംസ്ഥാന സർക്കാർ യു.എ.പി.എ ചുമത്താൻ കാത്തിരിക്കുമ്പോഴാണ് ബിജു കൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.