അലനേയും താഹയേയും മാവോയിസ്റ്റ് സംഘടനയിൽ ചേർത്തത് ഇപ്പോൾ കസ്റ്റഡിയിലുള്ളവരെന്ന് എൻ.ഐ.എ
text_fieldsകോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ. കേസില്‍ പ്രതികളായ അലനെയും താഹയെയും നിരോധിത മാവോവാദ സംഘടനയില്‍ ചേർത്തത് കഴിഞ്ഞദിവസം കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത രണ്ടുപേരെന്ന് എൻ.ഐ.എ. വയനാട് സ്വദേശിയായ വിജിത് വിജയൻ, എൽദോ വിൽസൺ, ഓൺലൈൻ മാധ്യമപ്രവർത്തകനായ അഭിലാഷ് പടച്ചേരി എന്നിവരെയാണ് വെള്ളിയാഴ്ച എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്. ഇവരിൽ വിജിത്തും അഭിലാഷുമാണ് അലനേയും താഹയേയും മാവോയിസ്റ്റ് സംഘടനയിൽ ചേർത്തതെന്നാണ് എൻ.ഐ.എ വ്യക്തമാക്കുന്നത്.
ഇരിങ്ങാടൻ പള്ളിയിലുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത അഭിലാഷിനെ വെള്ളിയാഴ്ച രാത്രി വിട്ടയച്ചു. ശനിയാഴ്ച രാവിലെ എൻ.ഐ.എക്കു മുൻപിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. അഭിലാഷിന്‍റെ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ തനിക്ക് അലനേയും താഹയേയും പരിചയമില്ലെന്ന് അഭിലാഷ് പറഞ്ഞു.
വിജിത് വിജയൻ, എൽദോ വിൽസൺ എന്നിവർ താമസിച്ചിരുന്ന ചെറുകുളത്തൂരിലെ വീട്ടിൽ നിന്ന് എട്ട് മൊബൈൽ ഫോൺ, ഏഴ് മെമ്മറി കാർഡ്, ഒരു ലാപ്ടോപ് എന്നിവ പിടിച്ചെടുത്തതതായും എൻ.ഐ.എ അറിയിച്ചു. അലന്‍റേയും താഹയുടേയും മൊഴികളിൽ നിന്നാണ് ഇവർക്ക് കസ്റ്റഡിയിലെടുത്ത യുവാക്കളുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്. വ്യത്യസ്ത ഇടങ്ങളിൽ ഇവർ കൂടിക്കാഴ്ച നടത്തി, വിവിധ ഇടങ്ങളിലേക്ക് ഒരുമിച്ച് യാത്ര ചെയ്തു എന്നും എൻ.ഐ.എ പറയുന്നു. വിജിത്തിനും എൽദോക്കുമൊപ്പം പെരുവയലിലെ വീട്ടിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശിയെക്കുറിച്ചും എൻ.ഐ.എ അന്വേഷിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.