അലനും താഹയും ഇന്ന് ജയിൽമോചിതരാകും
text_fieldsതൃശൂർ: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ച അലനും താഹയും ഇന്ന് വൈകീട്ടോടെ ജയില്‍ മോചിതരാകും. ഉച്ചക്ക് മുന്‍പ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കും. അറസ്റ്റിലായി പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവർക്കും പുറത്തിറങ്ങുന്നത്. കര്‍ശന ഉപാധികളോടെയാണ് രണ്ട് പേര്‍ക്കും ബുധനാഴ്ച ജാമ്യം അനുവദിച്ചത്.
ബുധനാഴ്ച ജാമ്യം കിട്ടിയെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണ് അലനും താഹക്കും പുറത്തിറങ്ങാന്‍ കഴിയാത്തത്. മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണമെന്ന ഉത്തരവുള്ളതിനാല്‍ അലന്റെ മാതാവ് സബിതയും താഹയുടെ മാതാവ് ജമീലയുമാണ് ജാമ്യം നില്‍ക്കുക. ഇന്ന് കോടതി നടപടികള്‍ തുടങ്ങുന്ന സമയത്ത് ജാമ്യക്കാര്‍ ഹാജരാകും. ഉച്ചയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൊച്ചി കോടതിയില്‍ നിന്ന് ലഭിക്കുന്ന അനുമതിപത്രം പേപ്പര്‍ വിയൂര്‍ ജയിലില്‍ നേരിട്ട് എത്തിക്കും. അതിന് ശേഷമായിരിക്കും രണ്ട് പേരും പുറത്തിറങ്ങുക.
കർശനമായ ഉപാധികളോടെയാണ് കൊച്ചി എൻ.ഐ.എ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്. സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, ശനിയാഴ്ചകളിൽ പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണം, പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യമനുവദിച്ചത്.
ജാമ്യം നല്‍കിയതിനെതിരെ എൻ.ഐ.എ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ജാമ്യനടപടികള്‍ കോടതിയില്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് എൻ.ഐ.എ അപ്പീല്‍ നല്‍കുകയും അത് കോടതി അംഗീകരിക്കുകയും ചെയ്താല്‍ ഇരുവരുടേയും ജയിൽവാസം തുടരും. മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ കഴിഞ്ഞ നവംബറിലാണ് ഇരുവരും അറസ്റ്റിലായത്. പിന്നീട് കേസ് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.