പരിഹാസച്ചിരിയോടെ മുഖ്യമന്ത്രി മാവോവാദിയെന്ന് വിളിച്ചു
text_fieldsകോഴിക്കോട്: മാവോവാദി ബന്ധമാരോപിച്ച് സംസ്ഥാന സർക്കാർ യു.എ.പി.എ കേസ് ചുമത്തിയ അലൻ ഷുഹൈബിെൻറ മാതാവ് സബിത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്.
‘അവര് മാവോയിസ്റ്റുകളല്ലേ’ എന്ന് പരിഹാസച്ചിരിയോടെ മുഖ്യമന്ത്രി പറഞ്ഞതിനുപിന്നാെലയാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്ന് സബിത മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘അലനെയും താഹയെയും അറസ്റ്റുചെയ്ത ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. യു.എ.പി.എ ചുമത്തരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. തെളിവുകൾ ഇല്ലെന്നുതന്നെയായിരുന്നു പൂർണവിശ്വാസം. പിന്നീട് പിണറായി വിജയൻ തെൻറ മകനെ മാവോയിസ്റ്റ് എന്നുവിളിച്ചത് എന്തിനാണ്? മുഖ്യമന്ത്രി ഞങ്ങളെ ൈകവിട്ടു. ഇനി ഞങ്ങൾ പോരാട്ടം തുടരേണ്ട ഗതികേടാണ്. പാർട്ടി ഒരു വ്യക്തിയല്ല. ഭരണകൂടത്തിന് ചില അജണ്ടകളുണ്ട്’ -സബിത പറഞ്ഞു.
മകൻ വീട്ടിലില്ലാഞ്ഞിട്ട് 53 ദിവസമായി. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് സബിത പറഞ്ഞു. എന്നാൽ, എൻ.ഐ.എ കേസ് ഏറ്റെടുത്തതോടെ സകല പ്രതീക്ഷയും നശിച്ചു. ഇനി നാലോ അഞ്ചോ കൊല്ലം കഴിഞ്ഞിട്ടേ കാണാനാകൂെവന്നാണ് അലൻ പറയുന്നത്. ഫെബ്രുവരിയിൽ രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷക്കായി ജയിലിൽ പഠനത്തിെൻറ തിരക്കിലായിരുന്ന മകൻ പുസ്തകങ്ങളെല്ലാം തിരിച്ചുതന്നു. എല്ലാ പ്രതീക്ഷയും കൈവിട്ടുപോയതായി സബിത കരച്ചിലടക്കാനാവാതെ പറയുന്നു. പൗരത്വബിൽ പ്രക്ഷോഭത്തിൽ മുന്നിൽ നിൽക്കേണ്ടയാളായിരുന്നു അവൻ.
മതേതരത്വത്തിനുവേണ്ടി എന്നും ശബ്ദിച്ചിരുന്നു. യു.എ.പി.എ കേരളത്തിൽ നടപ്പാക്കില്ല എന്നത് സി.പി.എം നിലപാടാണ്. ഇടതുസർക്കാറിൽനിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. അവന് സൗഹൃങ്ങളുണ്ടായിട്ടുണ്ടാകാം. വിവിധ സാംസ്കാരിക കൂട്ടായ്മകളിൽ അവൻ പോകാറുണ്ട്. എന്നുകരുതി അവൻ മാവോവാദിയല്ല. മാവോവാദി എന്ന് ജയിൽ വാർഡൻ കളിയാക്കിയതിനെതിരെ ജഡ്ജിയോട് പരാതിപ്പെട്ടിരുന്നവനാണ് തെൻറ മകനെന്നും സബിത പറഞ്ഞു. താൻ പ്രവർത്തിക്കുന്ന അധ്യാപക സംഘടനയിലടക്കമുള്ളവർവരെ നിശ്ശബ്ദമായി. കോടതിയിൽ മാത്രമാണ് പ്രതീക്ഷ. തിരിച്ചുകിട്ടിയാൽ പോലും പ്രതീക്ഷകളില്ലാത്ത അലനെയാകും കിട്ടുക. വീട് തകർന്നു. കോഴിക്കോട്ടുപോലും നിൽക്കാനിഷ്ടമില്ലെന്നും സബിത പറഞ്ഞു.
ജാമിഅ മില്ലിയ്യയിലെ പ്രക്ഷോഭകാരികൾക്കുവേണ്ടി ഇടപെട്ട സംസ്ഥാന സർക്കാർ അലനും താഹക്കുംവേണ്ടി ഇടപെടാത്തത് ഇരട്ടത്താപ്പാണെന്ന് സബിത നേരത്തേ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അലനെ ബോധപൂർവം മറക്കുകയാണെന്നും കഴിഞ്ഞ അഞ്ചുവർഷം സി.പി.എം കെട്ടിപ്പടുക്കാൻ അവൻ പ്രവർത്തിച്ചിരുന്നെന്നും സബിത ഫേസ്ബുക്കിൽ എഴുതിയിരുന്നു. ഇതേ വിഷയത്തിൽ സർക്കാറിെന വിമർശിച്ച് അന്വേഷി പ്രസിഡൻറ് കെ. അജിതയും രംഗത്തെത്തി. പീലാത്തോസിനെേപ്പാലെ സംസ്ഥാന സർക്കാർ കൈകഴുകിയെന്ന് അജിത കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.