വൃക്കരോഗിയുടെ മരണം; അപവാദങ്ങളിൽ കളങ്കിതമായി തിരുവനന്തപുരം മെഡി. കോളജ് ആശുപത്രി
text_fieldsതിരുവനന്തപുരം: സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും അവസാന ആശ്രയമായ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയുടെ വിശ്വാസ്യതക്ക് കളങ്കം ചാർത്തുന്ന സംഭവങ്ങളാണ് പുറത്തു വരുന്നത്. ഇതിൽ ഏറ്റവും ഒടുവിലാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലുണ്ടായ അനാസ്ഥയും രോഗിയുടെ മരണവും.
സംസ്ഥാനത്തെ ഏറ്റവും മികച്ച ചികിത്സാ സംവിധാനങ്ങളും പ്രഗല്ഭരായ ഡോക്ടർമാരും നൂതന സാങ്കേതികവിദ്യയും മികവുറ്റ അടിസ്ഥാന സംവിധാനങ്ങളുമുള്ള മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം അട്ടിമറിക്കുന്നതിന് പിന്നിൽ ഒരുവിഭാഗം ഡോക്ടർമാരാണെന്ന ആരോപണത്തിന് ആക്കംകൂട്ടുന്നതാണ് കഴിഞ്ഞുപോയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
ജനുവരി അവസാന വാരം എമർജൻസി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗിയോടും ബന്ധുക്കളോടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കയർക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും അസഭ്യവർഷം നടത്തുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓർത്തോപീഡിക് ഡിപ്പാർട്ട്മെന്റിലെ ജൂനിയർ റെസിഡന്റിനെ സസ്പെൻഡ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ടവരോട് നിർദേശിച്ചെങ്കിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
മേയ് 27ന് വാതിലിൽ കുടുങ്ങി കൈവിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റ മൂന്നവയസ്സുകാരിയെ 34 മണിക്കൂറുകളോളം അടിയന്തര ശസ്ത്രക്രിയക്കായി പട്ടിണിക്കിട്ട സംഭവം ഏറെ ഞെട്ടിപ്പിക്കുന്നതായിരുന്നു. സംഭവത്തിൽ ഓർത്തോ, അനസ്തേഷ്യ, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ചയും ജാഗ്രതക്കുറവും സംഭവിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും നടപടികൾ ഉണ്ടായില്ല. ബാലികക്ക് ശസ്ത്രക്രിയ വൈകിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ, ബാലാവകാശ കമീഷൻ എന്നിവർ കേസെടുത്തതോടെ വിവാദങ്ങൾ കെട്ടടങ്ങി. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ചികിത്സ തേടിയെത്തിയ ഭിന്നശേഷിക്കാരന് ചികിത്സ നിഷേധിച്ച സംഭവം അരങ്ങേറിയത്. പേയാട് സ്വദേശിയായ 60 വയസ്സുള്ള ഭിന്നശേഷിക്കാരനാണ് ചികിത്സ നിഷേധിച്ചത്.
ഏറെനേരം കാത്തിരുന്നിട്ടും ഡോക്ടറുടെ സേവനം ലഭിക്കാത്തതിനെതുടർന്ന് ഇദ്ദേഹം ആരോഗ്യമന്ത്രിക്ക് സംഭവം ചൂണ്ടിക്കാട്ടി പരാതി നൽകുകയായിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു.
ആശുപത്രിയിൽ നടക്കുന്ന ഇത്തരം വിവാദങ്ങളെ ലഘൂകരിക്കാനും സംഭവങ്ങൾ വളച്ചൊടിച്ച് മാധ്യമങ്ങൾക്ക് നൽകാനും പി.ആർ.ഒ ജീവനക്കാർ ശ്രമിക്കുകകൂടി ചെയ്യുന്നുണ്ട്. ഇതാണ് ഇത്തരം നിഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. വർഷങ്ങൾക്ക് മുമ്പേ പിൻവാതിൽവഴി നിയമനം നേടിയ ചിലരാണ് മെഡിക്കൽ കോളജിൽ പി.ആർ.ഒ ജോലികൾ നിർവഹിക്കുന്നത്.
പി.കെ. ശ്രീമതി ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചെങ്കിലും ഇന്നും നിരവധിപേർ സ്വകാര്യ പ്രാക്ടീസ് തുടരുന്നുണ്ട്. ഇവരെ മുൻകൂട്ടിക്കണ്ട് കൈക്കൂലി കൊടുക്കാതിരുന്നാൽ ചികിത്സയും ശസ്ത്രക്രിയയും വരെ മനഃപൂർവം വൈകിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്.
മൃതദേഹം മാറി നൽകിയത്, സുരാക്ഷാ ജീവനക്കാർ സംഘം ചേർന്ന് രോഗിയുടെ കൂട്ടിരിപ്പുകാരനെ മർദിച്ചത്, ആശുപത്രി സംരക്ഷണ നിയമം ദുരുപയോഗം ചെയ്ത് രോഗിയോടൊപ്പമുള്ള ബന്ധുക്കൾക്കെതിരെ കേസെടുപ്പിക്കൽ തുടങ്ങി നിരവധി സംഭവങ്ങളാണ് അനുദിനം മെഡിക്കൽ കോളജ് ആശുപത്രിയിൽ അരങ്ങേറുന്നത്. ഇത്തരം നിർഭാഗ്യകരങ്ങളായ സംഭവപരമ്പരയിൽ ഒടുവിലത്തേതാണ് വൃക്ക മാറ്റിവെക്കാൻ മണിക്കൂറുകൾ വൈകിയതും ശസ്ത്രക്രിയയെതുടർന്ന് രോഗി മരണപ്പെട്ടതും.
ഡോക്ടർമാരുടെ ശക്തമായ സംഘടന സംവിധാനവും രാഷ്ട്രീയത്തിലും ആരോഗ്യവകുപ്പിലും ഇവർക്കുള്ള മേൽക്കോയ്മയും കാരണം പലപ്പോഴും കുറ്റക്കാരെന്ന് കണ്ടെത്തിയാൽപോലും പ്രിൻസിപ്പലിനോ സൂപ്രണ്ടിനോ ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയാതെ പോകുകയാണ്.
വിവാദമായ സംഭവങ്ങളിൽ ആരോഗ്യമന്ത്രി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട്, മനുഷ്യാവകാശ കമീഷൻ, ബാലാവകാശ കമീഷൻ, വനിത കമീഷൻ തുടങ്ങിയവർ അന്വേഷണത്തിന് ഉത്തരവിടുകയും റിപ്പോർട്ട് തേടുകയും ചെയ്യുന്നതോടെ വിവാദങ്ങളിൽ പലതും കെട്ടടങ്ങുകയാണ് ചെയ്യുന്നത്. ഇത്തരം സംഭവങ്ങളിൽ ബന്ധപ്പെട്ടവർ കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ ഫയലുകളിൽ ഒതുങ്ങുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.