പട്ടിക ജാതി ഗവേഷക വിദ്യാർഥികളുടെ ഫെല്ലോഷിപ്പ് തുക ഉടൻ അനുവദിക്കുക; ഇടതുസർക്കാർ വിവേചനം അവസാനിപ്പിക്കുക -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിലായി മുടങ്ങിക്കിടക്കുന്ന പട്ടികജാതി വിദ്യാർഥികളുടെ ഫെല്ലോഷിപ്പ് തുക അനുവദിക്കാത്തത് വിദ്യാർഥികളോടുള്ള വിവേചനമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ. 350ഓളം വിദ്യാർഥികളുടെ ഫെല്ലോഷിപ്പ് തുകയാണ് അനുവദിക്കാതെ മുടങ്ങി കിടക്കുന്നത്. ഫെല്ലോഷിപ്പ് തുക മുടങ്ങിയതോടെ വിദ്യാർഥികളുടെ ഗവേഷണ സംബന്ധമായ ഫീൽഡ് വർക്ക്, ഹോസ്റ്റൽ ഫീസ്, ദൈനംദിന ചെലവുകൾ എന്നിവ വഴി മുട്ടിയിരിക്കുകയാണെന്നും ഷെഫ്റിൻ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ എസ്.എൻ.എ സംവിധാനം വഴി ഫെല്ലോഷിപ്പ് തുക അനുവദിക്കാൻ തീരുമാനിച്ചതും അതുപോലെ തന്നെ പട്ടിക ജാതി വികസന വകുപ്പിലെ ജീവനക്കാരുടെ അഭാവവും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഹൈസ്കൂൾ വിദ്യാർഥികൾ മുതൽ കോളജ് തലം വരെയുള്ള വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക അടക്കം അനുവദിക്കാൻ നിലവിൽ പട്ടിക ജാതി വകുപ്പിൽ ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. പല വിദ്യാർഥികളും ഗവേഷണം അവസാനിപ്പിച്ചു മറ്റു ജോലികൾക്ക് പോവേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
പ്രതികൂല സാഹചര്യം മറികടന്നു ഗവേഷണത്തിനെത്തുന്ന വിദ്യാർഥികൾ ഗവേഷണം അവസാനിപ്പിക്കേണ്ടി വരുന്നു എന്നുള്ളത് പട്ടിക ജാതി വിദ്യാർഥികളെ വിവേചനത്തോടെ കാണുന്ന സാമൂഹിക വ്യവസ്ഥയുടെ കാരണം കൊണ്ട് കൂടിയാണ്. പട്ടിക ജാതി വിദ്യാർഥികളോട് കാലങ്ങളായി സർക്കാർ തുടരുന്ന വിവേചനത്തിന്റെ ബാക്കി പത്രം കൂടിയാണിത്. സംസ്ഥാനത്തെ പട്ടിക ജാതി, പട്ടിക വർഗ, ഒ.ബി.സി വിദ്യാർഥികളുടെ ഇ-ഗ്രാന്റ്സ് തുക മാസങ്ങളായി മുടങ്ങികിടന്നിട്ടും പരിഹരിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
വിവേചനങ്ങൾ ആവർത്തിച്ചു പട്ടിക ജാതി വിദ്യാർഥികളെ വിദ്യാഭ്യാസ മേഖലയിൽ നിന്നും പുറന്തള്ളാനുള്ള ശ്രമങ്ങൾ അംഗീകരിക്കാൻ സാധ്യമല്ല. ഫെല്ലോഷിപ്പ് തുക ഉടനെ അനുവദിച്ച് വിദ്യാർഥികളുടെ ഗവേഷണം കൃത്യമായി മുന്നോട്ട് പോവാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകുമെന്നും കെ.എം ഷെഫ്റിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.