കേരളം അലോപ്പതി മരുന്ന് കമ്പനികളുടെ ശവപ്പറമ്പാകുന്നു
text_fieldsപാലക്കാട്: സംസ്ഥാനം ചെറുകിട അലോപ്പതി മരുന്ന് ഉൽപാദനകമ്പനികളുടെ ശവപ്പറമ്പാകുന്നു. 30 വർഷം മുമ്പ് കേരളത്തിലുണ്ടായിരുന്ന 92 കമ്പനികളിൽ 80ഉം പ്രവർത്തനം നിർത്തി. എസ്.എസ്.എയിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ ഒാരോന്നായി കളം വിട്ടിട്ടും സർക്കാർ അനങ്ങിയിട്ടില്ല. വൻകിട കമ്പനികളിൽനിന്നുള്ള മത്സരവും മാർക്കറ്റിങ് കമ്പനികളുടെ ആധിക്യവുമടക്കം നിരവധി പ്രശ്നങ്ങളാണ് ചെറുകിട കമ്പനികൾ അഭിമുഖീകരിക്കുന്നതെന്ന് കേരള ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കെ.പി.എം.എ) ഭാരവാഹികൾ പറയുന്നു.
1990ൽ സംസ്ഥാനത്ത് 92 മരുന്ന് ഉൽപാദക കമ്പനികളുണ്ടായിരുന്നത് 2000ൽ 60 ആയി കുറഞ്ഞു. 2012ൽ ഇത് 25 ആയി. പിന്നീടുള്ള വർഷങ്ങളിൽ ഒന്നിനുപിറകെ പത്ത് യൂനിറ്റുകൾ പ്രവർത്തനം നിർത്തി. െഎ.വി ഫ്ലൂയിഡ് ഉൽപാദിപ്പിക്കുന്ന അഞ്ച് കമ്പനികളും പൂട്ടി. നിലവിൽ 12 യൂനിറ്റുകൾ മാത്രമേ സജീവമായി പ്രവർത്തിക്കുന്നുള്ളൂ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, അഞ്ച് കമ്പനികളാണ് പ്രവർത്തനം നിർത്തിയത്. കണ്ണൂർ, ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളിലെ കമ്പനികളാണ് കളം വിട്ടത്.
തൃശൂരിൽ പൂട്ടിയത് ജനറിക് മരുന്ന് ഉൽപാദിപ്പിക്കുന്ന യൂനിറ്റാണ്. അസംസ്കൃത വസ്തുക്കളുടെ വിലവർധനയും എത്തിക്കാനുള്ള ചെലവും സർക്കാർ പുതുതായി കൊണ്ടുവരുന്ന മാനദണ്ഡങ്ങളുമെല്ലാം ചെറുകിട ഉൽപാദകരെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കെ.പി.എം.എ പ്രസിഡൻറ് പുരുഷോത്തൻ നമ്പൂതിരി പറഞ്ഞു. ഉത്തരേന്ത്യൻ കമ്പനികളിൽനിന്ന് മരുന്നുകൾ വാങ്ങി വിൽക്കുന്ന നൂറോളം മാർക്കറ്റിങ് കമ്പനികൾ കേരളത്തിലുണ്ട്. ഇവരിൽനിന്നുള്ള കടുത്ത മത്സരവും സംസ്ഥാനത്തെ യൂനിറ്റുകൾക്ക് തിരിച്ചടിയായി.
ഉൽപാദക യൂനിറ്റുകൾക്ക് പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രണ്ട് വർഷം മുമ്പ് അസോസിയേഷൻ സർക്കാറിനെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. പ്രാദേശിക നിർമാതാക്കളിൽനിന്ന് മരുന്ന് വാങ്ങാൻ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.സി.എൽ) നയം രൂപവത്കരിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ഫാർമ പാർക്കടക്കം സർക്കാറിെൻറ പല പദ്ധതികളും ചെറുകിട സംരംഭകർക്ക് താങ്ങാവുന്നതല്ലെന്നും കെ.പി.എം.എ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന മൊത്തം അലോപ്പതി മരുന്നുകളുടെ പത്ത് ശതമാനവും ചെലവാകുന്നത് കേരളത്തിലാണെന്നാണ് കണക്കുകൾ. പ്രാദേശിക ഫാർമ കമ്പനികൾ അടച്ചുപൂട്ടപ്പെട്ടതോടെ ഉത്തരേന്ത്യൻ കമ്പനികളാണ് കേരള വിപണിയെ നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.