കേരളത്തിന് പ്രത്യേക സഹായം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് കടമെടുപ്പ് പരിധിയിൽ പ്രത്യേക പരിഗണന നൽകുന്നത് ആലോചിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദേശം നൽകി. വായ്പാ പരിധി ഉയർത്തണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ ഹരജിയിലാണ് കോടതി നിർദേശം.
കേരളത്തിന്‍റെ സാഹചര്യം പ്രത്യേകമായി കണ്ട് ഈ മാസം 31നുള്ളിൽ ഒറ്റത്തവണ സഹായ പദ്ധതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കണം. പത്ത് ദിവസത്തിനുള്ളില്‍ ഇളവ് പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇക്കാര്യത്തിൽ നാളെ മറുപടി അറിയിക്കാമെന്ന് കേന്ദ്രം അറിയിച്ചു.
രക്ഷാപാക്കേജ് സാധ്യമല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ വിശാലമനസോടെ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു. ഈ വർഷമെടുക്കുന്ന കടം അടുത്ത സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ തട്ടിക്കിഴിക്കുന്ന രീതിയിലുള്ള വ്യവസ്ഥകൾ ഉണ്ടാക്കാം. വിദഗ്ധരുമായി ആലോചിച്ച് ചെയ്യാൻ പറ്റുന്ന കാര്യം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ഏപ്രിൽ ഒന്നിന് 5000 കോടി കടം അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചു. ഇത് കേരളത്തിന് അർഹതപ്പെട്ട തുക മാത്രമാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ ചൂണ്ടിക്കാട്ടി. കേസ് നാളെ വീണ്ടും പരിഗണിക്കും.
ധനമന്ത്രാലയ പ്രതിനിധികളുമായി വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന ചർച്ചയിൽ 19,351 കോടി രൂപ കൂടി നടപ്പു സാമ്പത്തിക വർഷം വായ്പയെടുക്കാൻ അനുവദിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന പ്രതിനിധി സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനുകൂല പ്രതികരണം ഉണ്ടായില്ല. സുപ്രീംകോടതിയിൽ ധാരണയായ 13,608 കോടി രൂപ മാത്രം അനുവദിക്കുമെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്‍റേത്. ഇത്രയും തുക അനുവദിക്കാമെന്ന വാഗ്ദാനം കേന്ദ്രം നേരത്തേ നൽകിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.