നിപ വൈറസ്: കഫീല്‍ഖാൻ കേരളത്തിലേക്ക് വരുമെങ്കിൽ സന്തോഷമേയുള്ളൂ- പിണറായി
text_fieldsഖൊരക്പൂർ: കേരളത്തിൽ നിപാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് ഡോ: കഫീല്‍ ഖാന്‍. തൻെറ ഫേസ്ബുക്ക് പേജിലൂടെയാണു കഫീല്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്. കഫീല്‍ ഖാന്‍ കേരളത്തിൽ വരുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പിണറായി മറുപടി നൽകി.
ഫജര്‍ നമസ്‌ക്കാരത്തിനു ശേഷം ഉറങ്ങാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. നിപാ വൈറസ് മൂലമുള്ള മരണങ്ങള്‍ എന്നെ വേട്ടയാടുന്നു. സമൂഹ മാധ്യമങ്ങളിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിക്കാന്‍ എന്നെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കുന്നു. സിസ്റ്റര്‍ ലിനി പ്രചോദനമാണ്. എന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റി വെക്കാൻ തയാറാണ്. അതിന് അല്ലാഹു അറിവും കരുത്തും നല്‍കട്ടെ എന്നായിരുന്നു കഫീല്‍ ഖാന്‍ ഫേസ്ബുക്കിൽ കുറിച്ചത്.
ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ മറുപടിയെത്തി. നിപ്പ വൈറസ്ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനാന്നെന്നും അതിന് തനിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ച യു.പി.യിലെ ഡോക്ടര്‍ കഫീല്‍ഖാന്‍റെ സമൂഹമാധ്യമത്തിലെ സന്ദേശം കാണാനിടയായി. വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ഖാനെയും കാണുന്നത്. സഹജീവികളോടുള്ള സ്നേഹമാണ് അവര്‍ക്ക് എല്ലാറ്റിലും വലുത്. ഡോ. കഫീല്‍ഖാനെപ്പോലെയുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂ.
അങ്ങനെയുള്ള ഡോക്ടര്‍മാരും വിദഗ്ധരും ആരോഗ്യവകുപ്പ് ഡയറക്ടറുമായോ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടുമായോ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളായ ചില പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. അവരോടെല്ലാം കേരള സമൂഹത്തിന് വേണ്ടി നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഖൊരക്പൂർ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തിൽ കഫീല്‍ ഖാനെ യോഗി സർക്കാർ പ്രതിയാക്കിയ സംഭവം ദേശീയ തലത്തിൽ പ്രതിഷേധമുയർത്തിയിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ഈയിടെ കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.