കേന്ദ്ര ധനമന്ത്രിക്ക് തോമസ് ഐസക്കിന്‍െറ കത്ത്
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍തുകയും ബാങ്കില്‍നിന്നോ ട്രഷറിയില്‍ നിന്നോ പൂര്‍ണമായി മാറ്റിയെടുക്കാന്‍ അനുമതി തേടി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് കത്തയച്ചു. സംസ്ഥാനത്ത് അഞ്ചുലക്ഷത്തോളം പേര്‍ ബാങ്ക് അക്കൗണ്ട് മുഖേനയും നാലരലക്ഷത്തോളം പേര്‍ ട്രഷറി അക്കൗണ്ട് മുഖേനയും 50,000ഓളം പേര്‍ നേരിട്ട് പണമായും ശമ്പളമോ പെന്‍ഷനോ കൈപ്പറ്റുന്നവരാണ്. അക്കൗണ്ടില്‍ നിന്നുള്ള പിന്‍വലിക്കല്‍ പരിധി 24,000 എന്ന നിബന്ധന തുടര്‍ന്നാല്‍ അത് ജീവനക്കാര്‍ക്ക് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന് കത്തയച്ചതെന്ന് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെന്‍ഷനോ ശമ്പളമോ നേരിട്ട് പണമായി വാങ്ങുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ ആവശ്യത്തിന് ഫണ്ട് സംസ്ഥാനസര്‍ക്കാറിന് ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തലതിരിഞ്ഞ നോട്ട്പരിഷ്കാരം ഇതുവരെ അസംഘടിതമേഖലയെ മാത്രമായിരുന്നു ബാധിച്ചത്. എന്നാല്‍, ഇപ്പോള്‍ സംഘടിതമേഖലയെ തകിടം മറിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. മാസശമ്പളക്കാരായ ജീവനക്കാരില്‍ ഭൂരിഭാഗവും മുന്‍മാസത്തെ കടം വീട്ടുന്നത് ഈ മാസത്തെ ശമ്പളത്തില്‍ നിന്നാണ്. ഒരാഴ്ച 24,000 രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ എന്ന നിബന്ധന സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്. സ്രോതസ്സില്‍നിന്ന് ആദായനികുതി പിടിച്ച് വിതരണം ചെയ്യുന്ന ശമ്പളം കള്ളപ്പണമല്ളെന്ന് ബോധ്യമുള്ള സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം.
ഇത് രാജ്യത്താകമാനം വലിയ പ്രശ്നമാകാന്‍ പോവുകയാണ്. വിഷയത്തില്‍ അരുണ്‍ ജെയ്റ്റ്ലിയുടെ മറുപടി സംസ്ഥാനം പ്രതീക്ഷിക്കുന്നു. ജീവനക്കാരുടെ ശമ്പളം മുഴുവന്‍ അവരുടെ അക്കൗണ്ടുകളില്‍ സര്‍ക്കാര്‍ ഇടും. അതില്‍ മാറ്റമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എന്തിനാണ് ഈ നിയന്ത്രണമെന്ന് മനസ്സിലാകുന്നില്ല. സഹകരണബാങ്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതും നല്‍കാന്‍ പണമില്ലാഞ്ഞിട്ടാണ്. ഒരുകോടിയിലേറെ നിക്ഷേപകരാണ് സഹകരണബാങ്കുകളിലുള്ളത്. അവര്‍ 24,000 രൂപ വെച്ച് പിന്‍വലിച്ചാല്‍ പോലും നല്‍കാന്‍ പണമുണ്ടാവില്ല. പ്രതിസന്ധി തീരാന്‍ ആറുമാസത്തിലേറെയെടുക്കും. ഒരു നോട്ട് അച്ചടിക്കാന്‍ 21 ദിവസമാണ് വേണ്ടത്. ആ നിലയില്‍ പ്രതിസന്ധി നീളുകയേയുള്ളൂവെന്നും ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭാ പ്രമേയം കേന്ദ്രത്തിനയക്കും –ഐസക്
തിരുവനന്തപുരം: സഹകരണ വിഷയത്തില്‍ കേരള നിയമസഭ പാസാക്കിയ പ്രമേയം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ധരിച്ചുവെച്ചിട്ടുള്ളതെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കേന്ദ്രത്തിന്‍െറ അധികാരത്തില്‍ കടന്നുകയറി സംസ്ഥാനം പ്രമേയം പാസാക്കിയതാണ് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിക്കാന്‍ കാരണമെന്ന് വാദിക്കുന്നതിനുമുമ്പ് ആ പ്രമേയമെങ്കിലും ഒന്നുവായിച്ചുനോക്കണമായിരുന്നു. അതിനെക്കുറിച്ച് വ്യക്തത വരുത്താന്‍ പ്രമേയം ഇംഗ്ളീഷില്‍ പരിഭാഷപ്പെടുത്തി വീണ്ടും കേന്ദ്രത്തിന് അയച്ചുകൊടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സര്‍വകക്ഷി സംഘവുമായി സംസാരിക്കാന്‍ ധനമന്ത്രിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരുന്നു –കുമ്മനം
നെടുമ്പാശ്ശേരി: കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘവുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധനമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. കേന്ദ്രധനമന്ത്രിയെ കണ്ടശേഷം ഡല്‍ഹിയില്‍നിന്ന് തിരിച്ചത്തെിയ അദ്ദേഹം വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് വേറെ ചില തിരക്കുകളുണ്ടായിരുന്നു. നോട്ട് പിന്‍വലിച്ചതുള്‍പ്പെടെ വിഷയത്തില്‍ പ്രധാനമന്ത്രി നേരത്തേതന്നെ നിലപാട് വ്യക്തമാക്കിയതാണ്. സഹകരണമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കേണ്ടത് ധനമന്ത്രാലയമാണ്. അതുകൊണ്ടുതന്നെ പ്രശ്നം സംബന്ധിച്ച് ധനമന്ത്രിയെ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് സര്‍വകക്ഷി സംഘം തയാറാകേണ്ടിയിരുന്നത്. ഇതിനുള്ള അവസരം കളഞ്ഞുകുളിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഈ പ്രശ്നത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ല. അതല്ലായിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ധനമന്ത്രിയെ നേരില്‍ കണ്ട് പലകാര്യങ്ങളും ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നെന്നും കുമ്മനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.