മലപ്പുറം ജില്ലയിൽ സർവിസിന് അനുമതിയുള്ളത് 11 ബോട്ടുകൾക്ക്
text_fieldsപൊന്നാനി: രേഖകൾ പരിശോധിക്കാനുള്ള സമയം പൂർത്തിയായതോടെ ജില്ലയിൽ സർവിസ് നടത്താൻ അനുമതി ലഭിച്ചത് 11 ഉല്ലാസ ബോട്ടുകൾക്ക് മാത്രം. പൊന്നാനി ഭാരതപ്പുഴയിൽ ഒമ്പത് ഉല്ലാസ ബോട്ടുകളും താനൂരിൽ രണ്ട് സ്പീഡ് ബോട്ടുകളും മാത്രമാണ് മാരിടൈം ബോർഡിൽ മതിയായ രേഖകൾ സമർപ്പിച്ചത്. ഇതേത്തുടർന്നാണ് ഓണ സീസണിൽ സർവിസ് നടത്താൻ 11 ബോട്ടുകൾക്ക് മാത്രം അനുമതി ലഭ്യമായത്. പൊന്നാനിയിൽ തുറമുഖ വകുപ്പ് ഓഫിസിൽ 11 ഉല്ലാസ ബോട്ടുകൾ അനുമതി തേടിയെത്തിയെങ്കിലും ഒമ്പത് എണ്ണത്തിനു മാത്രമാണ് അനുമതി നൽകിയത്.
ഈ ബോട്ടുകൾ സർവിസ് നടത്താൻ പുഴയോരത്ത് സ്ഥാപിച്ചിട്ടുള്ള ജെട്ടികൾ നഗരസഭാധികൃതർ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. ഓരോ ബോട്ടുകാരും ബോട്ടിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണവും ബോട്ടിന്റെ രജിസ്ട്രേഷൻ നമ്പറും ജെട്ടിയിൽ പ്രദർശിപ്പിക്കണമെന്നും ബോട്ടിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ വിവരങ്ങൾ യാത്ര തുടങ്ങുന്നതിനു മുമ്പായി ജെട്ടിയിൽ രേഖപ്പെടുത്തണമെന്നും കർശന വ്യവസ്ഥയുണ്ട്.
കൂടുതൽ ആളുകളെത്തുന്ന ദിവസങ്ങളിൽ ഓരോ ജെട്ടിയിലും പൊലീസ് പട്രോളിങും നിർബന്ധമാക്കാൻ തഹസിൽദാരുടെ നേതൃത്വത്തിലുള്ള ബോട്ട് സുരക്ഷ കമ്മിറ്റി നിർദേശിച്ചിരുന്നു. ഭാരതപ്പുഴയിൽ സർവിസ് നടത്തുന്ന ബോട്ടുകളുടെ രേഖകൾ ഹാജരാക്കണമെന്ന് ഒന്നര മാസം മുൻപ് ബോട്ട് സുരക്ഷ കമ്മിറ്റി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 23 ഉല്ലാസ ബോട്ടുകാർ രേഖകൾ ഹാജരാക്കിയിരുന്നെങ്കിലും ഒരെണ്ണത്തിനു പോലും മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് മറ്റൊരു അവസരം കൂടി ബോട്ടുകാർക്ക് നൽകിയത്. തുടർന്ന് രേഖകൾ പുതുക്കി തുറമുഖ വകുപ്പ് മുഖേന ഒമ്പത് ബോട്ടുകാർ സർവിസിന് അനുമതി നേടിയെടുക്കുകയായിരുന്നു.
ഓണാഘോഷം: അനധികൃത ഉല്ലാസ ബോട്ടുകൾക്ക് വിലക്ക് നിർദേശങ്ങൾ
തിരൂർ: ഓണാവധിയിൽ വിനോദസഞ്ചാരികളുടെ വർധനവുണ്ടാകാൻ സാധ്യതയുള്ളതിനാൽ ലൈസൻസ് ഇല്ലാതെയും മതിയായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയും ഉല്ലാസ ബോട്ടുകൾ സർവിസ് നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി തിരൂർ തഹസിൽദാർ. വിലക്ക് മറികടന്ന് സർവിസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടി സ്വീകരിക്കാൻ പൊലീസ് അധികാരികൾക്ക് പ്രാദേശിക ബോട്ട് സുരക്ഷാ കമ്മിറ്റി യോഗം ചേർന്ന് നിർദേശം നൽകിയതായും തഹസിൽദാർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ പരിശോധിക്കാനായി റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർത്ത് സംയുക്ത സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്.
എല്ലാ ബോട്ടുകൾക്കും ജീവനക്കാർക്കും നിയമാനുസൃത ലൈസൻസ് ഉണ്ടായിരിക്കണം. സഞ്ചാരികൾ ലൈഫ് ജാക്കറ്റ് ധരിച്ചശേഷം മാത്രമേ ബോട്ടുകൾ സർവിസ് നടത്തുവാൻ പാടുള്ളൂ. ജെട്ടികളിൽ ബോട്ടുകളുടെ രജിസ്ട്രേഷൻ നമ്പറും ബോട്ടിൽ കയറാവുന്ന ആളുകളുടെ എണ്ണവും പ്രദർശിപ്പിച്ചിരിക്കണം. ബോട്ടു ജെട്ടികളിലും സഞ്ചാരികളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.
സ്പീഡ് ബോട്ടുകൾക്ക് സർവിസിന് അനുമതി നൽകിയിട്ടില്ല. സ്പീഡ് ബോട്ടുകൾ അനധികൃത സർവിസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ വിവരം കോസ്റ്റൽ പൊലീസ് അധികൃതരെ അറിയിക്കണമെന്നും തഹസിൽദാർ അറിയിച്ചു. സൂര്യാസ്തമയത്തിനു മുമ്പ് തന്നെ ബോട്ടുകൾ സർവിസ് അവസാനിപ്പിക്കേണ്ടതാണ്. മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിർദേശങ്ങളും പാലിക്കാതെ സർവിസ് നടത്തുന്ന ബോട്ടുകൾ പിടിച്ചെടുത്ത് ഉടമകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.