അള്ളുങ്കൽ ജലവൈദ്യുതി പദ്ധതി തകർന്നു; 25 കോടി നഷ്ടം
text_fieldsചിറ്റാർ: പ്രളയത്തിൽ ഷട്ടറിന് മുകളിലൂടെ വെള്ളം ഇരച്ചെത്തി പത്തനംതിട്ടയിലെ അള്ളുങ്കൽ സ്വകാര്യ ജലവൈദ്യുതി പദ്ധതി തകർന്നു. കഴിഞ്ഞ 14ന് പുലർച്ച ഒന്നിനാണ് ആദ്യം വെള്ളം കയറിയത്. പിറ്റേന്ന് ഉച്ചയോടെയാണ് വെള്ളം ഇരമ്പിയെത്തിയത്. വെള്ളം ഇരച്ചു വരുന്നതുകണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പത്തോളം ജീവനക്കാർ ജനറേറ്റർ ഓഫാക്കി ഓടി രക്ഷപ്പെടുകയായിരുന്നു.ജനറേറ്ററുകളുടെ മുകളിലൂടെയാണ് വെള്ളം ഒഴുകിയത്.
പവർ ഹൗസിന് മുകളിലും പത്തടിയിൽ കൂടുതൽ ഉയരത്തിൽ വെള്ളം കുത്തിയൊഴുകി. 25 കോടിയോളം രൂപ നഷ്ടം കണക്കാക്കുന്നുണ്ട്. പൂർവസ്ഥിതിയിലാക്കാൻ എട്ട് മാസത്തോളം വേണ്ടിവരും.6.6 കിലോവാട്ട് ശേഷിയുള്ള വലിയ രണ്ടു ജനറേറ്ററുകൾ മണ്ണുമൂടി കേടായി. കൺട്രോൾ പാനലുകളും മുങ്ങി നശിച്ചു. ഷട്ടർ അറ്റകുറ്റപ്പണിക്കായി വെള്ളം തടഞ്ഞു നിർത്തുന്ന വലിയ ഉരുക്കു ബ്ലോക്കുകളും ഒഴുകിപ്പോയി. പവർ ഹൗസിൽനിന്ന് ഡാമിലേക്കുള്ള റോഡും ഒലിച്ചുപോയി.
ഡാമിെൻറ കാച്ച്മെൻറ് ഏരിയ മുഴുവനും വെള്ളത്തിലായിരുന്നു. ഇവിടത്തെ ചളി നീക്കുന്ന പണികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇതിനായി ഡാം ഷട്ടറുകൾ അഞ്ച് എണ്ണത്തിൽ നാലെണ്ണം ആറ് മീറ്റർ ഉയരത്തിലും ഒന്നാം നമ്പർ ഷട്ടർ ഒമ്പത് മീറ്റർ ഉയരത്തിലും ഉയർത്തി വെള്ളം കക്കാട്ടാറ്റിലേക്ക് ഒഴുക്കുകയാണ്. ഏഴ് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി അമർസിങ്ങ് ഗ്രൂപ്പിെൻറ ഉടമസ്ഥതയിലുള്ളതാണ്. 2008ലാണ് കമീഷൻ ചെയ്തത്. 30 വർഷത്തേക്കാണ് സർക്കാറുമായി കരാർ. യൂനിറ്റിന് 2.45 രൂപ നിരക്കിലാണ് കെ.എസ്.ഇ.ബിക്ക് കമ്പനി വൈദ്യുതി നൽകുന്നത്.
ഇതേ കമ്പനിയുടെ 15 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കക്കാട്ടാറ്റിൽ കാരികയം മുതലവാരത്ത് പ്രവർത്തിക്കുന്ന മറ്റൊരു പദ്ധതിയായ അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.