കെ റെയിൽ രൂപരേഖ കെട്ടിച്ചമച്ചതെന്ന് സാധ്യത പഠന സംഘത്തലവന്‍റെ വെളിപ്പെടുത്തൽ
text_fieldsതിരുവനന്തപുരം: കെ റെയിലിന് കീഴിൽ സംസ്ഥാന സർക്കാറിെൻറ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിെൻറ ഡി.പി.ആർ യാഥാർഥ്യങ്ങൾ പരിഗണിക്കാതെ കെട്ടിച്ചമച്ചതെന്ന് പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മ. സ്റ്റേഷനുകൾ നിശ്ചയിച്ചതും കൃത്രിമ ഡി.പി.ആര്‍ വെച്ചാണ്. പ്രളയ- ഭൂകമ്പ സാധ്യത, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതിയുടെ രൂപരേഖയിലില്ല. ബദല്‍ അലൈൻമെൻറിനെക്കുറിച്ചും പഠിച്ചിട്ടില്ല.
ഫ്രാൻസ് ആസ്ഥാനമായ കമ്പനിയാണ് സാധ്യത പഠനം നടത്തിയതെന്ന പ്രചാരണം തെറ്റാണ്. ഫരീദാബാദ് ആസ്ഥാനമായ കമ്പനിയാണ് പഠനം നടത്തിയത്. ഫ്രഞ്ചുകാരല്ല, ഇന്ത്യക്കാർതന്നെയാണ് പഠനസംഘത്തിൽ ഉൾപ്പെട്ടതും. ഉദ്ദേശിക്കുന്ന അലൈൻമെൻറിനൊപ്പം ബദൽ അലൈൻമെൻറുകളും ഡി.പി.ആറിൽ ഉൾപ്പെടുത്തണമെന്നാണ് വ്യവസ്ഥ. സിൽവർ ലൈനിെൻറ കാര്യത്തിൽ ബദലുകളൊന്നുമുണ്ടായിരുന്നില്ല.
സ്റ്റാൻഡേഡ് ഗേജിലാണോ ബ്രോഡ്ഗേജിലാണോ പാത വേണ്ടതെന്ന് തീരുമാനിക്കേണ്ടത് റെയിൽവേ ബോർഡാണ്. പദ്ധതിയുടെ ഡി.പി.ആർ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അത് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിനുവേണ്ടി നേരത്തേ ഡി.എം.ആർ.സി തയാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടിെൻറ ഏകദേശ രൂപമാണ് സിൽവർ ലൈനിനായി കൊടുത്തത്. യാത്രക്കാരുടെ എണ്ണം യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല. സ്റ്റേഷനുകള്‍ നിർണയിച്ചതിലും പിഴവുണ്ട്. നഗരങ്ങളെ ഒഴിവാക്കി ഇടനാടുകളിലാണ് സ്റ്റേഷനുകൾ. പാതയിൽ ഭൂരിഭാഗവും മണ്ണിട്ട് നികത്തിയ സ്ഥലങ്ങളിലൂടെയാണ്. ഭൂപ്രകൃതിയും പ്രളയസാധ്യതയും പഠിക്കാതെയാണ് ഇതെന്നും അലോക് വർമ ആരോപിച്ചു.
ഡി.പി.ആർ പുറത്തുവിടണമെന്ന് തുടക്കം മുതൽ പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ഇതുവരെ തയാറായിട്ടില്ല. വൻകിട പദ്ധതികൾക്കൊന്നും ആദ്യഘട്ടത്തിൽതന്നെ ഡി.പി.ആർ പുറത്തുവിടുന്ന പതിവില്ലെന്നാണ് കെ റെയിലിെൻറ വാദം. ഡി.പി.ആർ വാണിജ്യസ്വഭാവം കൂടിയുള്ള രേഖയാണ്. പദ്ധതിയുടെ വിശദാംശങ്ങൾ സാമൂഹികാഘാത പഠന റിപ്പോർട്ടിലും പാരിസ്ഥിതികാഘാത പഠന റിപ്പോർട്ടിലുമുണ്ടെന്നും ഇത് പൊതുജനങ്ങൾക്ക് ലഭ്യമാണെന്നുമാണ് കെ റെയിൽ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.