അലോക് കുമാർ വർമയുടെ പ്രചാരണം വാസ്തവവിരുദ്ധമെന്ന് കെ-റെയിൽ
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്ന റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് കുമാർ വർമയുടെ പ്രചാരണം ശരിയല്ലെന്ന് കെ-റെയിൽ. ജനകീയ പ്രതിരോധസമിതി സംഘടിപ്പിച്ച ചർച്ചയിൽ വാസ്തവവിരുദ്ധ കാര്യങ്ങളാണ് വർമ പറഞ്ഞതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സിൽവർ ലൈനിന് നിതി ആയോഗ് 1.3 ലക്ഷം കോടി രൂപ കണക്കാക്കി എന്നാണ് അലോക് കുമാർ പറഞ്ഞത്. നിതി ആയോഗ് അത്തരം ഒരു കണക്കുകൂട്ടലും നടത്തിയിട്ടില്ല. ആർ.ആർ.ടി.എസ്, മെട്രോ റെയിൽ എന്നിവയുടെ നിർമാണെച്ചലവിെനക്കാൾ ചെലവ് കുറയാനുള്ള കാരണം മാത്രമാണ് നിതി ആയോഗ് ചോദിച്ചത്. അർധ അതിവേഗ റെയിൽ പദ്ധതിയെ അതിവേഗ റെയിൽ പാതയുമായോ മെേട്രാ, ആർ.ആർ.ടി.എസ് എന്നിവയുമായോ താരതമ്യം ചെയ്യാനാകില്ലെന്ന് കൃത്യമായി ബോധ്യപ്പെടുത്തി.
നിതി ആയോഗ് ഉന്നയിച്ച എല്ലാ ചോദ്യത്തിനും കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. അത് ബോധ്യപ്പെട്ടാണ് വിദേശവായ്പക്ക് അവർ ശിപാർശ ചെയ്തത്. ഡി.പി.ആർ പ്രകാരമുള്ള 63,941കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രായോഗികവും ന്യായീകരിക്കാനാവുന്നതുമാണെന്ന് റെയിൽവേയുടെ സ്വതന്ത്ര ഏജൻസി റൈറ്റ്സിന്റെ പഠനത്തിലും ബോധ്യപ്പെട്ടതാണ്.
സാധ്യതാപഠനം നടത്തിയ സിസ്ട്രയുടെ ഭാഗമായി 107 ദിവസം മാത്രമാണ് (2018 ഡിസംബർ നാല് മുതൽ 2019 മാർച്ച് 20 വരെ) അലോക് കുമാർ പ്രവർത്തിച്ചത്. സിസ്ട്ര സംഘത്തിലെ 18 വിദഗ്ധരിൽ ഒരാൾ മാത്രമായിരുന്നു അദ്ദേഹം. ഡി.പി.ആർ തയാറാക്കിയ ഘട്ടത്തിൽ ഒരു ദിവസം പോലും അദ്ദേഹം സിസ്ട്രയിൽ പ്രവർത്തിച്ചിട്ടില്ല. പ്രാഥമിക സാധ്യതാപഠനത്തിൽ കെ-റെയിലിന്റെ അഭിപ്രായങ്ങളോ സംസ്ഥാനത്തിന്റെ ആവശ്യങ്ങളോ പരിഗണിക്കാതെ തികച്ചും ഏകാധിപത്യ നിലപാടാണ് അലോക് കുമാർ സ്വീകരിച്ചത്. സിസ്ട്ര ടീമിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ ആയിരുന്ന വർമ ഉൾപ്പെട്ട സംഘം നൽകിയ കരട് റിപ്പോർട്ടിനെക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ചപ്പോൾ മറുപടി നൽകാതെ മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് കെ-റെയിലിനെതിരെ സംസാരിക്കുകയായിരുന്നു.
നഗരത്തിൽനിന്നുമാറി സ്റ്റേഷൻ സ്ഥാപിക്കുന്നത് യാത്രയെ ബാധിക്കുമെന്നാണ് മറ്റൊരു വാദം. ഇത് കേരളത്തിലെ നഗര-ഗ്രാമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ഒരു ധാരണയുമില്ലെന്നതിന്റെ തെളിവാണ്. ഏറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് എല്ലാ പഠനവും നടത്തിയത്. 93 ശതമാനം അലൈൻമെന്റും ദുർബലമായ ഭൂമിയിലാണെന്ന് പറയുന്ന റിപ്പോർട്ട് ഏതാണെന്ന് വെളിപ്പെടുത്തണമെന്നും കെ-റെയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.