കെ റെയിൽ സംവാദത്തിൽ അനിശ്ചിതത്വം: അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും പിന്മാറി
text_fieldsതിരുവനന്തപുരം: അലോക് കുമാർ വർമയും ശ്രീധർ രാധാകൃഷ്ണനും പിന്മാറിയതോടെ സിൽവർ ലൈൻ വിഷയത്തിൽ സർക്കാർ തീരുമാനിച്ച സംവാദത്തിൽ അനിശ്ചിതത്വം. സംവാദത്തിന്റെ ഉദ്ദേശ്യശുദ്ധിയിലും ക്ഷണക്കത്തിലും അതൃപ്തിയും സംശയവും ആരോപിച്ചാണ് ഇരുവരുടെയും പിന്മാറ്റം. കെ- റെയിൽ അല്ല സർക്കാറാണ് സംവാദത്തിന് വിളിക്കേണ്ടതെന്ന് അലോക് വർമ തുറന്നടിച്ചു.
ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം സർക്കാർ സംവാദ പരിപാടി എന്ന നിലയിലാണ് വർമയെ അടക്കം ക്ഷണിച്ചിരുന്നത്. എന്നാൽ, സംവാദത്തിൽനിന്ന് സർക്കാർ പിന്മാറിയെന്നും കെ- റെയിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നുമുള്ള വിധത്തിലാണ് അവസാന നിമിഷം ക്ഷണക്കത്ത് നൽകിയത്.
ഇതിൽ കടുത്ത അതൃപ്തി അറിയിച്ചും മറുപടി തേടിയും അലോക് വർമ ചൊവ്വാഴ്ച രാവിലെ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. പുതിയ ക്ഷണക്കത്ത് നൽകിയില്ലെങ്കിൽ പിന്മാറുമെന്ന മുന്നറിയിപ്പും കത്തിലുണ്ടായിരുന്നു. ഇത് തന്നെയായിരുന്നു ശ്രീധർ രാധാകൃഷ്ണന്റെയും നിലപാട്. സർക്കാർ സംവാദത്തിൽ സഹകരിക്കുന്നില്ലെന്ന തോന്നലാണ് ക്ഷണക്കത്തിലുള്ളതെന്നും അലോക് വർമ സംശയങ്ങളല്ല, കൃത്യമായ കാര്യങ്ങളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നതെന്നും ശ്രീധർ രാധാകൃഷ്ണൻ പ്രതികരിച്ചു. ക്ഷണിച്ചശേഷം ജോസഫ് സി.മാത്യുവിനെ ഒഴിവാക്കിയത് അപമര്യാദയാണെന്നും അലാക് വർമ ചൂണ്ടിക്കാട്ടിയിരുന്നു.
ഉച്ചവരെയും ചീഫ് സെക്രട്ടറിയിൽനിന്ന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇരുവരുടെയും പിന്മാറ്റം. അതേസമയം സംവാദത്തിൽ പങ്കെടുക്കുമെന്ന് ആർ.വി.ജി. മേനോൻ വ്യക്തമാക്കി. എതിർക്കുന്ന ഒരാളും അനുകൂലിക്കുന്ന മൂന്നു പേരുമെന്ന നിലയിൽ സംവാദം അസന്തുലിത നിലയാണിപ്പോൾ.
പിന്മാറിയവർക്ക് പകരം പദ്ധതിയെ എതിർക്കുന്നവരെ ഉൾപ്പെടുത്താൻ കെ- റെയിൽ ശ്രമിക്കുന്നുണ്ട്. സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ.കെ.പി. സുധീറിനെയാണ് മോഡറേറ്ററായി ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് നാഷനൽ അക്കാദമി ഓഫ് ഇന്ത്യൻ റെയിൽവേസിൽനിന്ന് വിരമിച്ച മോഹൻ എ.മേനോനെ മോഡറേറ്റാക്കി.
സംവാദത്തിൽനിന്ന് സർക്കാർ പൂർണമായും പിന്മാറിയതിന്റെ സൂചനയാണിതെന്നാണ് അലോക് വർമയും ശ്രീധർ രാധാകൃഷ്ണനും ചൂണ്ടിക്കാട്ടുന്നത്. ശാസ്ത്ര-സാങ്കേതിക സെക്രട്ടറിക്ക് അസൗകര്യമുണ്ടെങ്കിൽ ഗതാഗത സെക്രട്ടറിയെയോ റവന്യൂ സെക്രട്ടറിയെയോ പങ്കെടുപ്പിക്കാമല്ലോയെന്നാണ് ഇരുവരുടെയും ചോദ്യം.
വേണ്ടത്ര ആലോചനയുണ്ടായില്ല -ആർ.വി.ജി
തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽ ആലോക് വർമയും ശ്രീധർ രാധാകൃഷ്ണനും പങ്കെടുക്കുന്നില്ലെങ്കിൽ നഷ്ടമാണെന്നും സംവാദം എത്രമാത്രം ഫലപ്രദമാകുമെന്നറിയില്ലെന്നും ആർ.വി.ജി മേനോൻ. സംഘടിപ്പിക്കുന്നതിൽ വേണ്ടത്ര ആലോചനയുണ്ടായില്ലെന്ന് തോന്നുന്നു. ഒരാളെ സംവാദത്തിന് ക്ഷണിച്ചിട്ട് പിന്നീട്, ഏകപക്ഷീയമായി ഒഴിവാക്കുന്നത് നല്ല രീതിയല്ല. ജനാധിപത്യ വ്യവസ്ഥിതിയിൽ ഏത് സമയത്തും ചർച്ചക്ക് പ്രസക്തിയുണ്ട്. സംവാദത്തിൽ പങ്കെടുക്കാമെന്നറിയിച്ചതാണ്. അതിൽ നിന്ന് പിന്മാറിയിട്ടില്ല. ജനങ്ങളുടെ ഇടയിൽ അഭിപ്രായമുണ്ടാകുകയും അത് സർക്കാറിലേക്ക് തിരിച്ചെത്തുകയും വേണം. അത് സർക്കാറിനെ ബാധിക്കുമെന്നും ആർ.വി.ജി. മേനോൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.