കേരളത്തിന് രണ്ട് മന്ത്രിമാർ; സുരേഷ് ഗോപിക്കൊപ്പം ജോർജ് കുര്യനും കേന്ദ്രമന്ത്രിസഭയിലേക്ക്
text_fieldsന്യൂഡൽഹി: മൂന്നാം എൻ.ഡി.എ സർക്കാരിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേർ മന്ത്രിമാരാകും. തൃശൂരിലെ നിയുക്ത എം.പി സുരേഷ് ഗോപിക്കൊപ്പം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും. ഏത് വകുപ്പ് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
ബി.ജെ.പിയുടെ ന്യൂനപക്ഷ മുഖം കൂടിയാണ് കുര്യൻ. ദേശീയ തലത്തിൽ ക്രിസ്ത്യൻവിഭാഗങ്ങളെ പാർട്ടിയിലെത്തിക്കാൻ നിർണായക പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണിദ്ദേഹം. നേരത്തെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു.
കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സുരേഷ് ഗോപിക്ക് ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകളിൽ ഏതെങ്കിലുമൊന്ന് ലഭിക്കാനാണ് സാധ്യത. കാബിനറ്റ് റാങ്കോ അല്ലെങ്കിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ കിട്ടുമെന്നും റിപ്പോർട്ടുണ്ട്.
സത്യപ്രതിജ്ഞക്കായി സുരേഷ് ഗോപിയും കുടുംബവും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. മൂന്നാം എൻ.ഡി.എ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബി.ജെ.പി തന്നെ കൈവശം വെക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.