കോവിഡ് മറച്ചുവെച്ച് അമ്മയുടെ സംസ്കാരം നടത്തിയെന്ന് ആരോപണം: വിശദീകരണവുമായി കണ്ണന്താനം
text_fieldsതിരുവനന്തപുരം: കോവിഡ് മറച്ചുവെച്ച് അമ്മയുടെ സംസ്കാരം നടത്തിയെന്ന ആരോപണത്തിന് മറുപടിയുമായി മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. അമ്മയ്ക്ക് കോവിഡ് ബാധിച്ചിരുന്നെന്നും എന്നാല്‍ മരണ സമയത്ത് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു, കോവിഡിനെ തുടര്‍ന്ന് അമ്മയുടെ ആന്തരികാവയവങ്ങള്‍ തകരാറിലായതോടെയാണ് മരണം സംഭവിച്ചതെന്നും കണ്ണന്താനം പറയുന്നു.
പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് കണ്ണന്താനത്തിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഡല്‍ഹിയില്‍ വെച്ച് കോവിഡ് ബാധിച്ചാണ് കണ്ണന്താനത്തിന്‍റെ അമ്മ മരിച്ചത്. തുടർന്ന് ആവിവരം മറച്ചുവെച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചെന്നുമാണ് ജോമോൻ പുത്തൻപുരക്കൽ ആരോപിക്കുന്നത്. അമ്മ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് ഒരു വീഡിയോയില്‍ അല്‍ഫോന്‍സ് കണ്ണന്താനം തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അമ്മയുടെ മൃതദേഹം വിമാനത്തില്‍ നാട്ടിലെത്തിച്ച് കോട്ടയം മണിമലയില്‍ പൊതുദര്‍ശനത്ത് വെച്ച ശേഷം സംസ്കരിച്ചത് കോവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ജോമോന്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കണ്ണന്താനം പറയുന്നതിങ്ങനെ: അമ്മക്ക് മെയ് 28നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി എയിംസില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 5നും 10നും നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയി. എന്നാല്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അമ്മയുടെ ആന്തരിക അവയവങ്ങള്‍ പലതിനും തകരാര്‍ സംഭവിച്ചു. ശ്വാസകോശം തകരാറിലാവുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. കാര്‍ അപകടത്തെ തുടര്‍ന്ന് തലച്ചോറിന് പരിക്കേറ്റ് ഒരാള്‍ മരിച്ചാല്‍ അപകടത്തില്‍ മരിച്ചു എന്നല്ലേ പറയുക. അതുപോലെയാണ് അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് താന്‍ പറഞ്ഞത്. കോവിഡിനെ തുടര്‍ന്ന് അമ്മയുടെ ആന്തരികാവയവങ്ങള്‍ തകരാറിലായതോടെയാണ് മരണം സംഭവിച്ചത്.
ജോമോൻ പുത്തൻപുരക്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും MP യുമായ അൽഫോൻസ് കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം വീഡിയോയിലൂടെ അൽഫോൻസ് കണ്ണന്താനം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിൻ്റെ അമ്മ മരിച്ചത്. അതിന് തൊട്ട്മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത, ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കോവിഡ് ബാധിച്ചാണ് അമ്മ മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നു. 2020 ജൂൺ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിൻ്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയിൽ വീട്ടിലും പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വച്ചശേഷമാണ് സംസ്കാരം നടത്തിയത്. അന്ന് ഈ സംസ്കാര ചടങ്ങിൽ തിരുവനന്തപുരത്ത് നിന്ന് ഞാൻ മണിമലയിൽ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച ഒരാളെ മൃതദേഹം എംബാം ചെയ്ത് വിമാന മാർഗം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രത്തിൽ എത്ര സ്വാധീനമുണ്ടെങ്കിലും അസാധ്യമാണെന്ന് ബിജെപിയുടെ ഒരു സംസ്ഥാന ജനറൽ സെക്രട്ടറി എന്നോട് അവിടെവച്ച് അപ്പോൾ തന്നെ പറഞ്ഞിരുന്നു. ഡൽഹിയിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് സംസ്കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തിൽ ഒരു സംസ്കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ല. കണ്ണന്താനത്തിന്‍റെ അമ്മയുടെ ഓർമയിൽ 'മദേർസ് മീൽ' എന്ന ചാരിറ്റിയുടെ പേരിൽ കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേർക്ക് ഒരു വർഷത്തിനുള്ളിൽ ഭക്ഷണം കൊടുക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോയിൽ കൂടിയാണ്, കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അൽഫോൻസ് കണ്ണന്താനം തന്നെ വെളിപ്പെടുത്തിയത്.
--- ജോമോൻ പുത്തൻപുരയ്ക്കൽ ---
16 8 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.