ആശമാരുടെ സമരം പൊളിക്കാൻ ആലപ്പുഴയിൽ സി.ഐ.ടി.യുവിന്റെ ബദൽ മാർച്ച്
text_fieldsആലപ്പുഴ: സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തുന്ന രാപകൽ സമരത്തിന് ഐക്യദാർഢ്യവുമായി വ്യാഴാഴ്ച രാവിലെ 11ന് ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തുന്ന സമരം പൊളിക്കാൻ സി.ഐ.ടി.യുവിന്റെ ബദൽ മാർച്ച്. ആശ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ആലപ്പുഴ പാസ്പോർട്ട് ഓഫിസിലേക്കാണ് മാർച്ച് നടത്തുന്നത്.
സമരം ഉദ്ഘാടനം ചെയ്യുന്നത് പി.പി. ചിത്തരഞ്ജൻ എം.എൽ.എയാണ്. സി.ഐ.ടി.യു യൂനിയനിൽപെട്ടവരാണെന്ന് തിരിച്ചറിയാൻ പ്രത്യേക വേഷമണിഞ്ഞ് അണിനിരക്കണമെന്ന് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ നിർദേശമുണ്ട്.
ചുവപ്പും വെള്ളയും നിറമുള്ള വസ്ത്രം ധരിച്ചെത്തണമെന്നാണ് പറയുന്നത്. 200 മീ. മാത്രം അകലത്താണ് രണ്ടുസമരവും ഒരേസമയം നടക്കുക. സെക്രട്ടേറിയറ്റ് സമരത്തിൽ ആശ വർക്കർമാർ ഉന്നയിച്ച അതേ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് സി.ഐ.ടി.യു സമരമെന്നതും ശ്രദ്ധേയമാണ്.
ആശമാരുടെ സമരത്തിന് ജനപിന്തുണയേറിയ സാഹചര്യത്തിൽ അവരെ കൂടുതൽ സമ്മർദത്തിലാക്കാണ് പുതിയ നീക്കമെന്ന് വിമർശനമുണ്ട്. ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആലപ്പുഴ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നത്. ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് പ്രകടനമായെത്തുന്ന സമരത്തിന്റെ ഉദ്ഘാടകൻ മുൻ എം.പി ഡോ. കെ.എസ്. മനോജാണ്.
സമരം കടുപ്പിക്കാൻ ആശ വർക്കർമാർ
ആശ വർക്കർമാരുടെ അടിസ്ഥാനആവശ്യങ്ങൾ പോലും ചർച്ച ചെയ്യാനോ അംഗീകരിക്കാനോ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ മാർച്ച് മൂന്നിന് സെക്രട്ടേറിയറ്റ് പടിക്കൽ നിന്നും നിയമസഭയിലേക്ക് മാർച്ച് നടത്തും.
സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് നിയമസഭ മാർച്ച് പ്രഖ്യാപിച്ചത്. ഫെബ്രുവരി 27ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28ന് കൊല്ലം കോഴിക്കോട് ജില്ലകളിലും കലക്ടറേറ്റ് മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.
സമരം പൊളിക്കാൻ സമ്മതിക്കില്ല --വി.ഡി. സതീശൻ
ആലപ്പുഴ: ആശ വർക്കർമാരുടെ സമരം പൊളിക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചേർത്തല പള്ളിപ്പുറത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീഷണിപ്പെടുത്തിയും അവഹേളിച്ചും പാവപ്പെട്ട സ്ത്രീകൾ ചെയ്യുന്ന സമരത്തെ സി.പി.എം തകർക്കാൻ ശ്രമിക്കുന്നു.
ബദൽ സമരമെന്നത് നാണംകെട്ട ഏർപ്പാടാണ്. ഇത് കമ്യൂണിസ്റ്റ് പാർട്ടിക്ക് ചേർന്ന നടപടിയാണോയെന്ന് പരിശോധിക്കണം. ഇതിന് പിന്നിൽ സി.പി.എമ്മാണ്. ആശ വർക്കർമാരുടെ സമരത്തെ സി.പി.എം നേതാക്കൾ മോശമായി അപഹസിക്കുന്നു. സമരം ചെയ്യുന്ന ആശ വർക്കർമാർ മാവോയിസ്റ്റുകളാണെന്ന് ആക്ഷേപിക്കുന്നു. സി.പി.എം കാണിക്കുന്നത് മാടമ്പിത്തരമാണ്. ഇവർ എപ്പോഴാണ് മേലാളന്മാരായത്. അധികാരത്തിന്റെ അഹങ്കാരം തലക്ക്പിടിച്ചിരിക്കുകയാണ്.
ഇതിന് ജനങ്ങൾ മറുപടിനൽകും. സമരം പൊളിക്കാൻ സി.പി.എം വിചാരിച്ചാൽ നടക്കില്ല. വേതന വർധനവിനുള്ള ന്യായമായ സമരത്തിന് പൂർണ പിന്തുണയുണ്ട്. സി.പി.എം ഇടുക്കി ജില്ല സെക്രട്ടറിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ പാറഖനനം നടത്തിയതിന്റെ 27 റിപ്പോർട്ടുകളുണ്ട്. ഇത് മറച്ചുവെച്ചാണ് സർക്കാർ വീണ്ടും ഖനനം നടത്താൻ അവസരം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.