ഇടത് മേൽക്കോയ്മയെങ്കിലും പുനലൂരിന്റേത് ചാഞ്ചാട്ട മനസ്സ്
text_fieldsപുനലൂർ: ദിനേന കുതിക്കുന്ന ചൂടിനൊപ്പം കഠിനമായ തെരഞ്ഞെടുപ്പ് ചൂടിൽ പുനലൂരിലെ ജനമനസ്സിന്റെ ഗതി നിർണയം പ്രയാസം. ഇടതു ശക്തി കേന്ദ്രത്തിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ആവർത്തിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. പ്രചാരണ രംഗത്തെ ഓളവും മിക്കപ്പോഴും പ്രകടമാകുന്ന സാമുദായിക അടിയൊഴുക്കുകളും അനുകൂലമായാൽ എൽ.ഡി.എഫിന് ആധിപത്യം നേടാനാകും.
ഇടതിന് ശക്തമായ വേരോട്ടമുള്ള മലയോര മണ്ഡലമായ പുനലൂരിന്റെ ഇടക്കിടെയുള്ള മനംമാറ്റം മുന്നണികളെ കുഴക്കുന്നുണ്ട്. തമിഴ്നാട് അതിർത്തി പങ്കിടുന്ന ഈ മണ്ഡലത്തിൽ തമിഴ് വോട്ടർമാരും തോട്ടം തൊഴിലാളികളും ആദിവാസികളും മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് നിർണായകമാണ്.
തെരഞ്ഞെടുപ്പുകളിൽ മിക്കപ്പോഴും ഇടത് ചേരാറുള്ള ഈ മേഖലയിലെ വോട്ടർമാർ ചിലപ്പോഴൊക്കെ തിരിച്ചടി നൽകാറുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പുനലൂരിൽ എൻ.കെ. പ്രേമചന്ദ്രൻ സി.പി.എമ്മിലെ കെ.എൻ. ബാലഗോപാലിനെതിരെ നേടിയ മുന്നേറ്റം എല്ലാവരെയും ഞെട്ടിച്ചു. പിന്നീടുള്ള തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭയിലും നേടിയ തിളക്കമാർന്ന തിരിച്ചുവരവിൽ ഇത്തവണ എൽ.ഡി.എഫിന് വലിയ ആത്മവിശ്വാസമുണ്ട്.
അവസാനഘട്ടത്തിൽ ജാതി കാർഡ് ഇറക്കി എതിരാളിയെ പരാജയപ്പെടുത്തുന്ന രാഷ്ട്രീയ തന്ത്രവും ഇവിടത്തെ പ്രത്യേകതയാണ്. ഏറെ സവിശേഷതകൾ നിറഞ്ഞ മണ്ഡലത്തിൽ ഇത്തവണ മുൻകൂട്ടിയുള്ള പ്രവചനം അസാധ്യം. പ്രേമചന്ദ്രൻ പുനലൂരിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പാർലമെന്റിലെ ഗ്ലാമർ താരമെന്നതും യു.ഡി.എഫിന് അനുകൂലമാണ്.
കൂടാതെ, അദ്ദേഹത്തിനുള്ള വ്യക്തി ബന്ധങ്ങളും തുണയാകും. എന്നാൽ, എം.പി എന്ന നിലയിൽ പ്രേമചന്ദ്രൻ പരാജയമാണെന്ന ആരോപണം എൽ.ഡി.എഫ് അക്കമിട്ടു നിരത്തുന്നു. മാറ്റവും വികസന പ്രതീക്ഷയും ചൂണ്ടിക്കാട്ടി മുകേഷിനെ വിജയിപ്പിക്കണമെന്നാണ് എൽ.ഡി.എഫ് പ്രചാരണം.
സ്ത്രീവോട്ടർമാരെ ആകർഷിക്കാനും മുകേഷിന് കഴിയുന്നു. എൻ.ഡി.എ സ്ഥാനാർഥി കൃഷ്ണകുമാറിന് കാര്യമായ ഓളം ഉണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ തവണത്തേതിലും കൂടുതൽ വോട്ടുനേടുമെന്നാണ് എൻ.ഡി.എ ക്യാമ്പിന്റെ പ്രതീക്ഷ.
പുനലൂരിൽ 2,06,363 വോട്ടുണ്ട്. സ്ത്രീ വോട്ടർമാർ 1,08,513. പുരുഷ വോട്ടർമാർ 97,848. ട്രാൻസ്ജെൻഡർ രണ്ട്. ഈഴവ സമുദായത്തിനാണ് മണ്ഡലത്തിൽ മുൻതൂക്കം. മുസ്ലിം, ക്രിസ്ത്യൻ വോട്ടുകൾ ഏകദേശം തുല്യമായി രണ്ടാം സ്ഥാനത്തുണ്ട്. തൊട്ടടുത്തായി നായർ, ശൈവ-വെള്ളാള വോട്ടർമാരും പട്ടികജാതി-വർഗ വിഭാഗങ്ങളും നിർണായകമാണ്.
ഏഴ് പഞ്ചായത്തും ഒരു നഗരസഭയും ഒരു ബ്ലോക്കുമാണ് മണ്ഡലത്തിലുള്ളത്. ഇതിൽ പുനലൂർ നഗരസഭ, അഞ്ചൽ ബ്ലോക്ക് കുളത്തുപ്പുഴ, ഏരൂർ, അഞ്ചൽ, ഇടമുളക്കൽ പഞ്ചായത്തുകൾ എൽ.ഡി.എഫ് ഭരിക്കുന്നു. തെന്മല, കരവാളൂർ പഞ്ചായത്തുകൾ യു.ഡി.എഫിനാണ്. ആര്യങ്കാവ് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും വൈസ് പ്രസിഡൻറ് സ്ഥാനം എൽ.ഡി.എഫിനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.