‘മിടുക്കികൾ’ പൂർവവിദ്യാർഥി കൂട്ടായ്മ കൈകോർത്തു; സഹപാഠിക്ക് വീടൊരുങ്ങി
text_fieldsആലുവ: പൂർവവിദ്യാർഥികളായ"മിടുക്കികൾ" കൈകോർത്തപ്പോൾ സഹപാഠിക്ക് വീടൊരുങ്ങി. സെൻറ് ഫ്രാൻസിസ് ഗേൾസ് സ്കൂളിലെ 1990 ബാച്ച് പത്താം ക്ലാസ് പൂർവ വിദ്യാർഥിനികളുടെ വാട്സാപ് കൂട്ടായ്മയാണ് സഹപാഠിക്ക് വീടൊരുക്കി സൗഹൃദത്തിൻറെ ആഴം വ്യക്തമാക്കിയത്.
45 പേരടങ്ങുന്നതാണ് "മിടുക്കികൾ" എന്ന വാട്സ് അപ്പ് കൂട്ടായ്മ. തങ്ങളുടെ സഹപാഠിയുടെ വിഷമാവസ്ഥ മനസ്സിലാക്കിയാണ് ഇവർ ഭവനനിർമാണത്തിന് മുന്നിട്ടിറങ്ങിയത്. ഭർത്താവിൻറെ അകാല മൃത്യുവിനു ശേഷം പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളുമായി പകച്ചു നിന്ന പ്രിയ കൂട്ടുകാരിക്ക് കൈത്താങ്ങാകുവാൻ അവർക്കൊരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല.
സ്വന്തം പേരിൽ ഭൂമിയുണ്ടെങ്കിൽ വീടു വെച്ച് നൽകാം എന്ന സാമൂഹ്യ പ്രവർത്തകരുടെ വാഗ്ദാനമനുസരിച്ച് ഗ്രൂപ്പിലുള്ളവരുടെയും, സമാന മനസ്കരായ മറ്റ് അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി മൂന്ന് സെൻറ് സ്ഥലം അവർ കൂട്ടുകാരിയുടെ പേരിൽ രജിസ്റ്റർ ചെയ്തു.
തുടർന്ന് ഭവന നിർമ്മാണം തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചു. ഉടൻ "മിടുക്കികൾ" കൂട്ടായ്മ മറ്റു സുമനസുകളുടെ കൂടി സഹായ സഹകരണത്താൽ സ്വപ്ന ഭവനത്തിൻറെ നിർമ്മാണം പൂർത്തിയാക്കി. വീടിൻറെ താക്കോൽ ദാന ചടങ്ങ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.