അനുരഞ്ജന ചർച്ചക്കിടെ യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ആലുവ സി.ഐ
text_fieldsആലുവ: ഇരുവിഭാഗത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നടത്തിയ അനുരഞ്ജന ചർച്ചക്കിടെ യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ആലുവ സി.ഐ സി.എൽ. സുധീർ. യുവതിയാണ് പ്രശ്നമുണ്ടാക്കിയത്. യുവതിയുടെ കുടുംബത്തിെൻറ ഭാഗം കേട്ട ശേഷം ഭർത്താവിെൻറ വിശദീകരണം കേൾക്കുന്നതിനിടെ യുവതി യുവാവിെൻറ കരണത്തടിച്ചു. തുടർന്ന്, ഇത്തരം സംഭവം ആവർത്തിക്കരുതെന്നും തെറ്റായ പ്രവൃത്തിയാണെന്നും പറഞ്ഞു. ഇതിനിടെ മോശമായ ഒരു സംസാരവും ഉണ്ടായില്ല. കോടതിയിൽ റിപ്പോർട്ട് നൽകിയതായും സി.ഐ പറഞ്ഞു.
ദാരുണ സംഭവമെന്ന് വനിത കമീഷൻ
കൊച്ചി: ആലുവയിൽ ഭർതൃപീഡനം മൂലം അഭിഭാഷക വിദ്യാർഥിനി ആത്മഹത്യ ചെയ്തത് ദാരുണ സംഭവമാണെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. നീതിരഹിത സമീപനം പൊലീസ് സ്റ്റേഷനിൽനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഡിവൈ.എസ്പിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
മൂഫിയ പർവീണിെൻറ വസതി സംസ്ഥാന വനിത കമീഷൻ സന്ദർശിച്ചു. ചെയർപേഴ്സൻ അഡ്വ. പി. സതീദേവി, അംഗം അഡ്വ. ഷാജി ശിവജി എന്നിവരാണ് വീട്ടിലെത്തിയത്. മാതാപിതാക്കളിൽനിന്ന് അവർ വിവരങ്ങൾ ശേഖരിച്ചു.
ഡിവൈ.എസ്.പി അന്വേഷിക്കും
ആലുവ: യുവതി ആത്മഹത്യ ചെയ്ത സംഭവം ഡിവൈ.എസ്.പി അന്വേഷിക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്റ്റേഷൻ ചുമതലയുള്ള സി.ഐ സി.എൽ. സുധീറിനെ ചുമതലകളിൽനിന്ന് താൽക്കാലികമായി മാറ്റിയതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.