ഓട്ടോ ഡ്രൈവർക്ക് കോവിഡ്; ആലുവയിൽ മാർക്കറ്റും സർവിസ് റോഡുകളും അടച്ചുപൂട്ടി
text_fieldsആലുവ: ഓട്ടോറിക്ഷ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആലുവയിൽ മാർക്കറ്റും സർവിസ് റോഡുകളും അടച്ചുപൂട്ടി പൊലീസ് നിയന്ത്രണത്തിലാക്കി. മാർക്കറ്റ് പരിസരത്തെ ഓട്ടോ ഡ്രൈവറായതിനാലാണ് ഈ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
മാർക്കറ്റിന് പുറമെ രോഗിയുടെ നാടായ, നഗരത്തോട് ചേർന്ന ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര പ്രദേശങ്ങൾ, ദേശീയ പാതയിലെ പുളിഞ്ചുവട്ടിൽനിന്ന് തുടങ്ങി ബൈപ്പാസ് വരെയുള്ള രണ്ട് സർവിസ് റോഡുകൾ, കപ്പേള മുതൽ മാർക്കറ്റ് ജംഗ്ഷൻ വരെയുള്ള റോഡ്, ഉളിയന്നൂർ ദ്വീപിലേക്കുള്ള പാലവും അക്വഡേറ്റ് പ്രദേശങ്ങൾ എന്നിവ നിയന്ത്രണ മേഖലയിലാണ്.
ഓട്ടോ ഡ്രൈവറായ ഉളിയന്നൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവയിലെ രണ്ട് ഡോക്ടർമാരും എറണാകുളത്തെ ഒരു ഡോക്ടറും ക്വാറൈൻറനിൽ പ്രവേശിക്കും. ജൂൺ 25നാണ് ഡ്രൈവർ പനിയെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഭാര്യയും നാല് മക്കളും മരുമകനും ക്വാറൈൻറനിലാണ്. മരുമകന് ഇതിനോടകം കോവിഡ് ലക്ഷണമുണ്ടായതായി അറിയുന്നു.
ഡ്രൈവർ എവിടെയൊക്കെ സഞ്ചരിച്ചിട്ടുണ്ടെന്ന വിശദ റൂട്ട് മാപ്പ് തയാറാക്കി വരുന്നുണ്ട്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊ ഓട്ടോ ഡ്രൈവറുടെയും സ്രവ പരിശോധന നടത്തും. സ്വകാര്യ ആശുപത്രിയിലെ ചില നഴ്സുമാരോടും ക്വാറൈൻറനിൽ പോകാൻ നിർദേശിക്കുമെന്നും അറിയുന്നു.
ഡ്രൈവർക്ക് എങ്ങിനെയാണ് കൊവിഡ് ബാധിച്ചതെന്നത് വ്യക്തമല്ല. ഇയാൾ യാത്രക്കാരുമായി തോട്ടുംമുഖം, കടുങ്ങല്ലൂർ, ചൂണ്ടി, കൊച്ചിൻ ബാങ്ക്, പമ്പ് കവല എന്നിവിടങ്ങളിൽ പോയിട്ടുണ്ടെന്ന് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.