ഭാര്യയെ പരിശോധിക്കവേ ഡോക്ടറെ മർദിച്ച ഭർത്താവ് അറസ്റ്റിൽ
text_fieldsആലുവ: എടത്തല തഖ്ദീസ് ആശുപത്രിയിൽ ഡോക്ടറെ മർദിച്ച കേസിലെ പ്രതി അറസ്റ്റിൽ. എടത്തല പീടികപ്പറമ്പിൽ മുഹമ്മദ് കബീറാണ് (34) അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി എടത്തല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇൗ മാസം മൂന്നിന് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീസൺ ജോണിയെ മർദിച്ചെന്നായിരുന്നു പരാതി. ഭാര്യയെ പരിശോധിക്കവെ അസഭ്യം പറഞ്ഞെത്തി ഡോക്ടറെ ഇയാൾ മർദിക്കുകയായിരുെന്നന്നാണ് ആേരാപണം. ഒളിവിലായിരുന്ന പ്രതിയെ പിടികൂടാത്തതിനെതിരെ ഐ.എം.എ സമരം ആരംഭിക്കുകയും സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടുകയും ചെയ്തതോടെ പൊലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. പ്രതിയെ പിടികൂടാത്തതിനെതിരെ വെള്ളിയാഴ്ച ഡോക്ടർമാർ ജില്ലയിൽ ഒ.പി ബഹിഷ്‌കരിച്ച് റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് ധർണ നടത്തിയിരുന്നു.
ഭാര്യയും ഒമ്പത് വയസ്സുള്ള കുട്ടിയുമായി പ്രതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് അക്രമണം നടന്നത്. അത്യാഹിത വിഭാഗത്തിൽ മൂന്ന് വനിത നഴ്‌സുമാരുടെ മുന്നിലായിരുന്നു സംഭവം. കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഡോക്ടർ അന്വേഷിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെത്തിയാണ് ഡോക്ടറെ രക്ഷപ്പെടുത്തിയത്. പ്രതിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
അതിനിടെ, പരിശോധനക്കിടെ ഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തെങ്കിലും വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിനെതിരായ മർദന കേസ് ദുർബലപ്പെടുത്താനാണ് ഡോക്ടർക്കെതിരെ പരാതി നൽകിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.