ആലുവ സയനൈഡ് കൂട്ടക്കൊലക്ക് 39 വയസ്സ്
text_fieldsആലുവ: കേരളത്തെ നടുക്കിയ സയനൈഡ് കൊലപാതകത്തിന് സമാനമായ ആലുവയിലെ കൂട്ടക്കൊലക്ക് 39 വയസ്സ്. അടുത്ത ബന്ധുക്കളെ സയനൈഡ് ഉപയോഗിച്ച് ഇല്ലാതാക്കുന്ന ക്രൂരത ആലുവയിൽ അരങ്ങേറിയത് 1980 ജൂൺ 23നാണ്. നഗരമധ്യത്തിലെ വീട്ടിൽ അമ്മയെയും രണ്ട് പിഞ്ചുകുട്ടികളെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മെർലി, മക്കളായ സോണ (എട്ട്) , റാണ (അഞ്ച്) എന്നിവർ മരിച്ചുകിടക്കുന്നത് രാത്രി 9.30ഓടെ വ്യാപാരസ്ഥാപനം പൂട്ടി വീട്ടിലെത്തിയ ഭർത്താവ് ടോമിയാണ് കാണുന്നത്. ആത്മഹത്യയാണെന്ന് കരുതിയ കേസ് കൊലപാതകമെന്ന് ബലപ്പെട്ടു.
ടോമിയുടെ സഹോദരഭാര്യ അമ്മിണിയായിരുന്നു കൊലപാതകത്തിന് പിന്നിൽ. കൂടോത്രങ്ങൾ നടത്തി ഏൽക്കാതെ വന്നതോടെ സ്വർണപ്പണിക്കാരെൻറ കൈയിൽനിന്ന് സയനൈഡ് സ്വന്തമാക്കിയാണ് ഭർതൃസഹോദരെൻറ കുടുംബത്തെ ഇല്ലാതാക്കിയത്. കൊലപാതകം നടന്ന് 12ാംനാൾ പ്രതികൾ അറസ്റ്റിലായി. സയനൈഡ് വായിലേക്ക് നിർബന്ധമായി ഒഴിപ്പിച്ചാണ് മൂവരെയും ഇല്ലാതാക്കിയത്. ഇതിന് രണ്ട് സഹായികളെയും അമ്മിണി കൂട്ടിയിരുന്നു. ഇവരുടെ വിരലിൽ മെർലി കടിച്ചതിനാൽ ടോമിയെ കൊല്ലാനുള്ള പദ്ധതി പാളി.
നീണ്ട വിചാരണയിൽ അമ്മിണിയെ ജീവപര്യന്തത്തിനാണ് കോടതി ശിക്ഷിച്ചത്. വിരൽ മുറിഞ്ഞത് ചികിത്സിക്കാനെത്തിയ സഹായികളും കുടുങ്ങി. വിധവയായതിനാലും രണ്ട് മക്കളുള്ളതിനാലുമാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്. ആലുവയിലെ മഹാറാണി ടെക്സ്െറ്റെൽസിെൻറ പങ്കാളികളായിരുന്നു സഹോദരന്മാരായ ഫ്രാൻസിസും ടോമിയും. സഹോദരിയും പങ്കാളിയായിരുന്നു. ജ്യേഷ്ഠെൻറ മരണത്തോടെ പാർട്ണർഷിപ് അമ്മിണിയുടെ പേരിലേക്ക് മാറ്റിയെങ്കിലും പണമിടപാടുകളിൽനിന്ന് മാറ്റിനിർത്തിയതാണ് വൈരാഗ്യത്തിന് കാരണമായത്.
കോടതി വധശിക്ഷ ഒഴിവാക്കിയെങ്കിലും പരോളിലിറങ്ങിയ അമ്മിണി ജീവനൊടുക്കി. ഇവരുടെ മൂന്ന് മക്കളിൽ ഒരാൾ അപകടത്തിലും മകൾ കഴിഞ്ഞ വർഷവും മരിച്ചു. ഇ.എസ്.ഐ റോഡിലെ റാണ എം. സോണ എന്ന പേരിലുള്ള വീട് ഇപ്പോൾ കാടുപിടിച്ച് കിടക്കുകയാണ്. ബംഗളൂരിൽ മറ്റൊരു വിവാഹം കഴിച്ച് ടോമി താമസിക്കുകയാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.