അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: പ്രതിയുമായി തെളിവെടുപ്പ് നടത്തി
text_fieldsആലുവ: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പില്‍ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തു. പീഡിപ്പിക്കുന്നതിനിടെ എതിർത്തപ്പോൾ വസ്ത്രം കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു.
ഇക്കാര്യങ്ങളെല്ലാം പ്രതി ഉദ്യോഗസ്ഥർക്ക് ചെയ്ത് കാണിച്ചു കൊടുത്തു. മൃതദേഹം ഉപേക്ഷിച്ചിരുന്ന ആലുവ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ തള്ളുന്ന ഒഴിഞ്ഞഭാഗത്താണ് പ്രതിയുമായി പൊലീസെത്തിയത്. അഞ്ചുവയസ്സുകാരി ധരിച്ചിരുന്ന വസ്ത്രം കീറിയെടുത്ത് അത് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി നേരത്തേ മൊഴി നല്‍കിയിരുന്നു.
ഇതിനുശേഷം സംഭവസ്ഥലത്ത് ഒളിപ്പിച്ചുവെച്ച വസ്ത്രത്തിന്റെ ഭാഗമാണ് വ്യാഴാഴ്ച കണ്ടെടുത്തത്. കുട്ടിയുടെ ഒരുചെരിപ്പും ഇവിടെയുണ്ടായിരുന്നു. അസ്ഫാഖ് തന്നെയാണ് കേസിലെ പ്രധാന തൊണ്ടി മുതലുകളായ ഇവ രണ്ടും പൊലീസിന് കാണിച്ച് കൊടുത്തത്. നേരത്തേ ചോദ്യം ചെയ്യലിനിടെ ഇക്കാര്യം പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് അൽപം മാറിയാണ് ഇവ ഉപേക്ഷിച്ചിരുന്നത്.
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തിൽ കൂടുതൽ കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി പ്രതിയുടെ നാടായ ബിഹാറിലേക്ക് പ്രത്യേക സംഘം പോകും.
നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് രഹസ്യ സ്വഭാവത്തിലായിരുന്നു തെളിവെടുപ്പ്. മാർക്കറ്റിൽ തിരക്ക് കുറഞ്ഞ മൂന്നു മണിയോടെയാണ് ആലുവ, മുനമ്പം ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രതിയെ കൊണ്ടുവന്നത്. വനിത പൊലീസുകാരടക്കം 40 ഓളം ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
ഇതിനിടയിൽ തെളിവെടുപ്പിന്റെ വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരിൽ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി. ചിലർ മർദിക്കാനും ശ്രമിച്ചു. തങ്ങൾക്കും കുട്ടികളുണ്ട് അതിനാൽ അവനെ ഒരടിയെങ്കിലും അടിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. അതിന് ജയിലിൽ പോകാനും തയാറാണെന്നും അവർ പറഞ്ഞു. എന്നാൽ, ഇവരെയെല്ലാം തടഞ്ഞ പൊലീസ് പ്രതിയെ സുരക്ഷിതമായി ജീപ്പിൽ കയറ്റി തിരികെ കൊണ്ടുപോയി.
ആലുവയിലെ കുട്ടിയുടെ കുടുംബത്തിന് ധനസഹായം; ഉത്തരവ് മന്ത്രിമാർ കൈമാറി
ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട ബിഹാറിൽനിന്നുള്ള അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചുള്ള ഉത്തരവ് കൈമാറി. മന്ത്രിമാരായ പി. രാജീവ്, കെ. രാധാകൃഷ്ണന്, എം.ബി. രാജേഷ് എന്നിവര്‍ ചേര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തിയാണ് മാതാപിതാക്കള്‍ക്ക് ഉത്തരവ് കൈമാറിയത്. ജില്ല കലക്ടറുടെ അക്കൗണ്ടിലെത്തുന്ന തുക രണ്ടു ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ സംയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തില്‍ അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ കര്‍മപദ്ധതി രൂപവത്കരിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരെയും വകുപ്പ് മേധാവികളെയും പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരും. അന്തർസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് കൃത്യമായി നടത്താൻ ആഭ്യന്തര വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.
പൊലീസ്, എക്സൈസ്, തദ്ദേശ സ്വയംഭരണം, തൊഴില്‍, വനിത ശിശുവികസന വകുപ്പുകളുടെ ഏകോപനത്തോടെയാകും പ്രവര്‍ത്തനം. മാതാപിതാക്കള്‍ ജോലിക്ക് പോകുന്നതിനാല്‍ സ്കൂള്‍ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികള്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഡേ കെയര്‍ സജ്ജമാക്കുന്നത് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അന്‍വര്‍ സാദത്ത് എം.എൽ.എ, ജില്ല കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.