വെട്ടേറ്റ മുൻ പഞ്ചായത്തംഗത്തിന്റെ നില ഗുരുതരം: ഗുണ്ടാസംഘത്തിലെ നാലുപേർ കസ്റ്റഡിയിൽ
text_fieldsകാലടി: കാലടി ശ്രീമൂലനഗരം പഞ്ചായത്തിലെ ചൊവ്വര കൊണ്ടൊട്ടിയിൽ ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപിച്ച മുൻപഞ്ചായത്ത് അംഗത്തിന്റെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 10.30ഓടെ ആലുവ ശ്രീമൂലനഗരം ചൊവ്വര കൊണ്ടൊട്ടിയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനും ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് അംഗവുമായ പി. സുലൈമാന് നേരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. ഒപ്പമുണ്ടായിരുന്ന മറ്റുമൂന്നു പേർക്കും മർദനമേറ്റു. മുഖ്യപ്രതി ഫൈസൽ ബാബു, സിറാജ്, സനീർ, കബീർ എന്നിവരാണ് പിടിയിലായത്.
അക്രമികൾ ചുറ്റിക കൊണ്ട് സുലൈമാന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് നെഞ്ചില്‍ ചവിട്ടുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.വെട്ടേറ്റ സുലൈമാന്‍ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. പരിക്കേറ്റ മറ്റുള്ളവരെയും രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് സംഭവത്തിന് പിന്നിൽ കാറിലും ബൈക്കിലുമെത്തിയ എട്ടംഗ ഗുണ്ടാസംഘമാണെന്ന് പൊലീസ്‍ കണ്ടെത്തിയത്. വടിവാളും ഇരുമ്പ് കമ്പികളുമായി ആക്രമണം നടത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കാർ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
ക്വട്ടേഷൻ സംഘം ജില്ലക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് പൊലീസ് അനുമാനം. 2015- 2020 കാലഘട്ടത്തിൽ ശ്രീമൂലനഗരം പഞ്ചായത്ത് ഒന്നാം വാർഡിൽനിന്ന് കോൺഗ്രസ് വിമതനായാണ് സുലൈമാൻ ജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.