അസ്ഫാഖിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
text_fieldsകൊച്ചി: ആലുവയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്കാണ് എറണാകുളം പോക്സോ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷ നേരത്തെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതി അന്വേഷണവുമായി യാതൊരു തരത്തിലും സഹകരിക്കുന്നില്ലെന്നും ഇയാൾ എത്ര നാളായി കേരളത്തിലുണ്ടെന്നത് ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നും പ്രോസിക്യൂഷൻ കോടതിയിയെ അറിയിച്ചു.
അതേസമയം, പ്രതി അസ്ഫാഖിന് ക്രിമിനൽ പശ്ചാത്തലമുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. അസ്ഫാഖിനെതിരെ ഡൽഹി ഗാസിപൂർ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. 2018ല്‍ ഗാസിപുര്‍ പൊലീസാണ് അസ്ഫാഖിനെ അറസ്റ്റ് ചെയ്തത്. ഒരുമാസം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.മറ്റ് എവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് പ്രതി സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധനക്കാണ് പൊലീസ് നീങ്ങുന്നത്.
ആലുവ സബ്ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ മൂന്ന് സാക്ഷികളും അസ്ഫാഖിനെ തിരിച്ചറിഞ്ഞു. ആലുവ സബ്‌ജയിലില്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. കേസിലെ നിര്‍ണായക സാക്ഷികളായ താജുദ്ദീന്‍, കുട്ടിയുമായി പ്രതി യാത്ര ചെയ്ത ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസില്‍ ഇരുവരെയും കണ്ട സുസ്മിത എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അസ്ഫാഖ് കേരളത്തിലെത്തിയിട്ട് മൂന്ന് വർഷമായെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. എന്നാൽ, കൊലപാതകത്തിന് രണ്ട് ദിവസം മുമ്പാണ് തായിക്കാട്ടുകരയിലെ കെട്ടിടത്തിൽ താമസിക്കാനെത്തിയത്. ഇയാൾ മുമ്പ് താമസിച്ച സ്ഥലങ്ങളെ കുറിച്ചും മറ്റും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.