ആലുവ സംഭവം: പെരുമ്പാവൂരിലും ജാഗ്രത, പൊലീസ് നിരീക്ഷണം
text_fieldsപെരുമ്പാവൂർ: ആലുവ സംഭവത്തിന്റെ പശ്ചത്തലത്തിൽ പെരുമ്പാവൂരിൽ പ്രത്യേക ജാഗ്രത. ആലുവയിൽ അഞ്ചു വയസ്സുകാരി കൊല്ലപ്പെടുകയും ബിഹാർ സ്വദേശി അസ്ഫാഖ് ആലം പിടിയിലാവുകയും ചെയ്തതോടെ ജില്ലയിൽ ഏറ്റവുമധികം അന്തർസംസ്ഥാനക്കാർ വസിക്കുന്ന സ്ഥലങ്ങളിൽ പ്രധാനമായ പെരുമ്പാവൂർ മേഖലയിൽ പൊലീസ് പ്രത്യേകം ജാഗ്രത പുലര്‍ത്തുകയായിരുന്നു. കൊലപാതക വിവരം പുറത്തുവന്നതോടെ ജനം രോഷാകുലരായത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഇതിനിടെ അധികൃതരുടെ പിടിപ്പുകേടാണ് അന്തർസംസ്ഥാനക്കാരുടെ അഴിഞ്ഞാട്ടത്തിന് കാരണമെന്ന ജനത്തിന്റെ രോഷസ്വരം പൊലീനെ വെട്ടിലാക്കുന്നതാണ്.
2016 ഏപ്രിൽ 28ന് രാത്രി പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ഥി അന്തർസംസ്ഥാനക്കാരന്റെ കരങ്ങളാൽ കൊലചെയ്യപ്പെട്ട ഞെട്ടൽ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിൽ അന്തർസംസ്ഥാനക്കാര്‍ക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഞായറാഴ്ചകളിൽ ഏറ്റവും അധികം അന്തർസംസ്ഥാനക്കാർ തങ്ങുന്ന പി.പി റോഡിൽ രാവിലെ മുതൽ പൊലീസ് തമ്പടിച്ചിരുന്നു.
ഇവരെ പുറത്തേക്ക് വിടുന്നത് നിയന്ത്രിക്കണമെന്ന് തൊഴിൽ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച പി.പി റോഡ്, പ്രൈവറ്റ് ബസ്സ്റ്റാൻഡ് റോഡ്, ബിവറേജസ് ഔട്ട്ലറ്റ് പരിസരം എന്നിവിടങ്ങളിൽ അന്തർസംസ്ഥാനക്കാരുടെ കൂട്ടമുണ്ടായില്ല. ബിവറേജസിലേക്കുള്ള നടപ്പാതയില്‍ പൊലീസ് തമ്പടിച്ചിരുന്നു. അന്തർസംസ്ഥാനക്കാർ തമ്പടിച്ചിരുന്ന പറമ്പുകൾ വിജനമായിരുന്നു.
ഇതിനിടെ പൊലീസിന്റെ പരിശോധന താൽക്കാലിക പ്രഹസനം മാത്രമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കടന്നുപോയ ഞായറാഴ്ചകളിലൊന്നും പി.പി റോഡിലും ബസ്സ്റ്റാൻഡിലും ബിവറേജസ് പരിസരത്തും പൊലീസുണ്ടായില്ലെന്നും പലപ്പോഴും ഇവർ ഏറ്റുമുട്ടുന്നത് അറിയിച്ചാൽപോലും നിയമപാലകരിൽനിന്നും നിസ്സംഗതയാണ് ഉണ്ടാകുന്നതെന്നും വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.