ആലുവ മാർക്കറ്റ് ; നഗരസഭ വക സാമൂഹ്യവിരുദ്ധ താവളം
text_fieldsആലുവ: നഗരസഭയുടെ ആധുനിക മാർക്കറ്റ് പദ്ധതി പ്രദേശം നഗരസഭ വക സാമൂഹ്യവിരുദ്ധ താവളമായി മാറിയ അവസ്ഥയാണ്. കഴിഞ്ഞ ഒമ്പതു വർഷമായി ഇതാണ് അവസ്ഥ. അഞ്ചുവയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് ആലുവ മാർക്കറ്റ് ഒരു സാമൂഹ്യവിരുദ്ധ താവളമായി മാറിയെന്ന കാര്യം വാർത്തയായി പുറത്തു വന്നിരിക്കുന്നത്. കുട്ടിക്ക് നേരെ കൊടും പീഡനം നടന്നതും മൃതദേഹം ഒളിപ്പിച്ചതും നരകതുല്യമായ ഈ മാർക്കറ്റ് പരിസരത്താണ്. പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടാതെ നിരവധി കുറ്റകൃത്യങ്ങൾ അരങ്ങേറുന്നതും കുറ്റവാളികൾ സ്വൈര്യമായി വിഹരിക്കുന്നതും ഇവിടെയാണെന്നാണ് ജനങ്ങൾ പറയുന്നത്.
കാലങ്ങളായി നഗരസഭ ഭരിക്കുന്നവരുടെയടക്കം അനാസ്ഥയാണ് ജില്ലയിലെ പ്രധാന വിപണികളിൽ ഒന്നായ ആലുവയെ ഇതുപോലൊരു ദുരവസ്ഥയിലേക്ക് എത്തിച്ചത്. അഞ്ചുവയസ്സുകാരിയുടെ കൊലപാതകം നടന്ന, മാർക്കറ്റിന്റെ പുറകുവശത്തെ പുഴയോട് ചേർന്നുള്ള ഭാഗം സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. മാർക്കറ്റിലെയടക്കം മാലിന്യങ്ങൾ തള്ളുന്നത് ഈ പ്രദേശത്താണ്. കാലങ്ങളായി മാലിന്യം തള്ളുന്നതിനാൽ ഇവിടേക്ക് പൊതുജനങ്ങൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത അവസ്ഥയാണ്. മാലിന്യവും ദുർഗന്ധവും നിറഞ്ഞ ഇവിടം അന്തർ സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ ലഹരി ഉപയോഗിക്കുവാനുള്ള ഇടയമായാണ് ഉപയോഗിക്കുന്നത്.
എന്നാൽ, ആലുവ പൊലീസ് ഇതിനെതിരെ കാര്യമായ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സാമൂഹിക വിരുദ്ധർക്കും അക്രമികൾക്കും ലഹരി ഇടപാടുകാർക്കും അതിലൂടെ മികച്ച താവളമാണ് ലഭിച്ചത്. നഗരസഭയുടെ മൽസ്യ - മാംസ മാർക്കറ്റ് കെട്ടിടങ്ങളിലും സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നുണ്ട്. രാപകൽ ഭേതമന്യേ നിരവധിയാളുകളാണ് ഇവിടെ വന്നുപോകുന്നത്. ചിലർ ഇവിടെയാണ് ഉറങ്ങുന്നതുപോലും. രണ്ട് നിലകളുടെ കെട്ടിടത്തിൻറെ താഴെ മാത്രമാണ് കച്ചവടക്കാരുള്ളത്. മുകളിലെ നിലയിലെ മുറികൾ അടഞ്ഞുകിടക്കുകയാണ്. ഇവിടെ രാത്രിയും പകലും സാമൂഹ്യവിരുദ്ധരുടെ ശല്യമുള്ളതായി നേരത്തെ ആക്ഷേപമുണ്ട്. ചോദ്യം ചെയ്യുന്ന കച്ചവടക്കാരെ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്യും. രാത്രിയിൽ മറ്റ് അനാശാസ്യങ്ങളും ഇവിടെ നടക്കുന്നതായി ആകേഷപമുണ്ട്. ഒഴിഞ്ഞ പ്രദേശമായതിനാൽ ഇവിടേക്ക് ആരുടെയും ശ്രദ്ധ പെട്ടെന്ന് ചെന്നെത്തില്ല. അതിനാൽ തന്നെ ലഹരി മാഫിയകൾക്ക് ഇടപാടുകൾ നടത്താൻ എളുപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.