പരോൾ ലഭിച്ചു; ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്‍റണി 19 വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തി
text_fieldsആലുവ: പരോൾ ലഭിച്ചതിനെ തുടർന്ന് ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആൻറണി സ്വദേശമായ ആലുവയിലെത്തി. 19 വർഷത്തെ ജയിൽവാസത്തിനിടയിൽ ആദ്യമായാണ് ആൻറണിക്ക് പരോൾ ലഭിക്കുന്നത്. പരോൾ ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയിലാണ് ആലുവയിലെത്തിയത്. വ്യവസ്ഥകളോടെ 30 ദിവസത്തെ പരോളാണ് അനുവദിച്ചിട്ടുള്ളത്.
പരോൾ കിട്ടാതെ പോയ 23 പേർക്ക് സർക്കാർ പരോൾ അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആൻറണിക്കും പരോൾ കിട്ടിയത്. മുൻപ് നിരവധി തവണ ആൻറണി പരോൾ അപേക്ഷ നൽകിയിരുന്നെങ്കിലും സർക്കാർ പരിഗണിച്ചിരുന്നില്ല. പൊലീസ് റിപ്പോർട്ട് എതിരായതിനാലാണ് പരോൾ ലഭിക്കാതിരുന്നത്.
2001 ജനുവരി ആറിനാണ് കുപ്രസിദ്ധമായ ആലുവ കൂട്ടക്കൊല നടന്നത്. ആലുവ നഗരമധ്യത്തിലെ മാഞ്ഞൂരാൻ വീട്ടിൽ നടന്ന കൂട്ടക്കൊലയിൽ കുടുംബാംഗങ്ങളെല്ലാം കൊല്ലപ്പെടുകയായിരുന്നു. സബ്ജയിൽ റോഡിലെ വീട്ടിൽ താമസിച്ചിരുന്ന ആറംഗ കുടുംബമാണ് കൊലക്കത്തിക്ക് ഇരയായത്. വയോധികയും രണ്ട് കുട്ടികളും ഉൾപ്പെടെ എല്ലാവരും അതിദാരുണമായി കൊല്ലപ്പെട്ടു. എസ്.പി ഓഫിസ് അടക്കം നിരവധി പൊലീസ് ഓഫിസുകളും മറ്റ് ഓഫിസുകളും പ്രവർത്തിക്കുന്ന തിരക്കേറിയ സബ് ജയിൽ റോഡിലാണ് ആറുപേരെ ആരുമറിയാതെ വകവരുത്തിയത്.
ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ മാഞ്ഞൂരാൻ ഹാർഡ് വെയേഴ്സ് നടത്തിയിരുന്ന മാഞ്ഞൂരാൻ അഗസ്‌റ്റിന്‍റെ (47) സെൻറ് മേരീസ് എൽ.പി സ്കൂളിനു സമീപത്തെ വീട്ടിലായിരുന്നു കൊലപാതകം നടന്നത്. അഗസ്‌റ്റിന് പുറമെ ഭാര്യ ബേബി (42), മക്കളായ ജെമോൻ (14), ദിവ്യ (12), അഗസ്‌റ്റിൻറെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസിന്‍റെ മാനം കെടുത്തിയ കൊലപാതത്തിന്‍റെ അന്വേഷണം ഏറെ പ്രമാദമായിരുന്നു. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ അഗസ്‌റ്റിൻറെ ബന്ധുവും ഇവരുടെ വീട്ടിലെ സ്‌ഥിരം സന്ദർശകനുമായിരുന്ന ആൻറണിയാണ് കൊലനടത്തിയതെന്ന നിഗമനത്തിലാണ് ലോക്കൽ പൊലീസ് എത്തിയത്.
തുടർന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും ഇത് ശരിവെക്കുകയായിരുന്നു. നഗരസഭയിൽ താൽക്കാലിക ഡ്രൈവറായിരുന്നു പ്രതിയായ ആൻറണി. ഇതിനിടയിൽ ഇയാൾക്ക് വിദേശത്ത് ജോലിക്ക് പോകാൻ അവസരം ലഭിച്ചിരുന്നു. ഇതിനുള്ള ചെലവിനായി കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നൽകിയില്ലത്രേ. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യത്താലാണ് ഇയാൾ കൂട്ടക്കൊല നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞത്.
പിറ്റേന്നു പുലർച്ചെ ട്രെയിനിൽ മുംബൈയിലേക്കും അവിടെ നിന്നു ദമ്മാമിലേക്കും ആൻറണി പോയി. അതിനാൽ തന്നെ കൊലപാതകം പുറത്തറിഞ്ഞപ്പോൾ ഇയാൾ ദമ്മാമിൽ എത്തിയിരുന്നു. കൊലപാതകി ആൻറണിയാണെന്ന നിഗമനത്തിലെത്തി പൊലീസ് ഭാര്യയെക്കൊണ്ടു ഫോൺ ചെയ്താണ് ഇയാളെ തിരികെ വരുത്തിയത്. തിരിച്ചുവരുന്നതിനിടയിൽ ഫെബ്രുവരി 18ന് മുംബൈ വിമാനത്താവളത്തിൽ വച്ചാണ് അറസ്‌റ്റ് ചെയ്തത്.
പിന്നീട്, സി.ബി.ഐ അന്വേഷണവും എത്തിച്ചേർന്നത് ആൻറണിയിൽ തന്നെയായിരുന്നു. 2006 സെപ്‌റ്റംബർ 18ന് ഹൈക്കോടതി ശിക്ഷ ശരിവച്ചെങ്കിലും നവംബർ 13ന് സുപ്രീം കോടതി വിധി സ്റ്റേ ചെയ്തു. എന്നാൽ, 2009ൽ വധശിക്ഷ വീണ്ടും അംഗീകരിച്ചു. തുടർന്ന് നൽകിയ പുനഃപരിശോധനാ ഹരജിയും തള്ളപ്പെട്ടു. രാഷ്ട്രപതിക്ക് ദയാ ഹർജി നൽകിയിട്ടും ഫലമുണ്ടായില്ല. ഇതേ തുടർന്ന് ആൻറണിയെ തൂക്കിക്കൊല്ലാനുള്ള നടപടികൾക്ക് പൂജപ്പുര ജയിലിൽ തുടക്കമിട്ടു. വധശിക്ഷക്ക് എതിരായ പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായിരുന്ന ആർ.എം. ലോധയുടെ ഉത്തരവിനെ തുടർന്നാണ് 2018ൽ ആൻറണിയുടെ വധശിക്ഷ ജീവപര്യന്തമായി കോടതി കുറച്ചത്.
വധശിക്ഷ വിധിച്ചതിനെ തുടർന്ന് 13 വർഷം ഏകാന്ത തടവിലായിരുന്നു ആൻറണി കഴിഞ്ഞിരുന്നത്. ഇത്രയധികം വർഷം ശിക്ഷ അനുഭവിച്ചതിൻറെ ആനുകൂല്യത്തിൽ ജയിൽ മോചിതനാകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ആൻറണി പുറത്തിറങ്ങുന്നത് അപകടമാണെന്ന റൂറൽ ജില്ല പൊലീസിൻറെ റിപ്പോർട്ടുകളാണ് വിലങ്ങുതടിയായത്. പരോൾ അനുവദിച്ചതിനെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ സഹോദരനെത്തി ആൻറണിയെ ആലുവയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. പരോൾ വ്യവസ്ഥ അനുസരിച്ച് ജൂലൈ 17നാണ് ആൻറണി ജയിലിൽ തിരിച്ചെത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.